അഹമ്മദാബാദ്: ഗുജറാത്തില്‍ സമാധാനവും, ഐക്യവും, സാഹോദര്യവും നിലനിര്‍ത്തുന്നതിനായി മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ മൂന്ന് ദിവസത്തെ സദ്ഭാവന നിരാഹാരത്തിന്റെ ചെലവുകള്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ കാംല ബെനിവാള്‍ ആവശ്യപ്പെട്ടു. നിരഹാരത്തിന് അനുമതി നല്‍കിയതിന്റെ വിശദാംശങ്ങളും ഹാജരാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്്.

മോഡിയുടെ നിരാഹാരത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം വകമാറ്റിയതായി മഹാഗുജറാത്ത് ജനതാ പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ ഗോര്‍ധന്‍ സദാഫിയ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് ജോഷി വഴി് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത്.

തന്റെ ഗവണ്‍മെന്റിനെ അട്ടിമറിക്കാനായി കേന്ദ്രസര്‍ക്കാറും കോണ്‍ഗ്രസും രാജ്ഭവന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയാണെന്ന് മോഡി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഗവര്‍ണറെ തിരിച്ച വിളിക്കണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു.