ലണ്ടന്‍: നൂറാം വയസില്‍ മാരത്തണ്‍ ഓടി പൂര്‍ത്തിയാക്കി ലോകത്തിലെ പ്രായമേറിയ ദീര്‍ഘദൂര ഓട്ടക്കാരന്‍ എന്ന ഖ്യാതി നേടിയ ഇന്ത്യക്കാരനായ ഫൗജാ സിംഗിന് ഗിന്നസ് ബുക്കിന്റെ അംഗീകാരം ലഭിക്കില്ല. വയസു തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിനു റെക്കോര്‍ഡ് നല്‍കാന്‍ കഴിയില്ലെന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡി പറഞ്ഞു. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് അനുസരിച്ച് ഫൗജയുടെ ജനനതീയതി 1911 ഏപ്രില്‍ ഒന്നാണ്.

ഈ പാസ്‌പോര്‍ട്ടും ബ്രിട്ടീഷ് രാജ്ഞിയുടെ അഭിനന്ദന സന്ദേശവും തെളിവിനായി ഹാജരാക്കിയെങ്കിലും പ്രായത്തിനുള്ള തെളിവായി ഇതംഗീകരിക്കാനാകില്ലെന്നു ഗിന്നസ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ വംശജനായ സിംഗ് 1992 ലാണ് ബ്രിട്ടനിലേക്കു കുടിയേറിയത്. സിംഗിന്റെ പ്രായം സംബന്ധിച്ച തെളിവുകളൊന്നും ഇല്ലെന്നു ഇന്ത്യ വ്യക്തമാക്കിയതും ഫൗജയുടെ റെക്കോഡ് നേട്ടത്തിന് അംഗീകാരമില്ലാതാകാന്‍ കാരണമായി.

Subscribe Us:

കഴിഞ്ഞ 16 നു ടൊറന്റോയില്‍ നടന്ന വാട്ടര്‍ഫ്രണ്ട് മാരത്തണില്‍ ഓടിയാണ് ഫൗജ ഗിന്നസ് ബുക്കില്‍ കയറാന്‍ ശ്രമിച്ചത്. 42 കിലോ മീറ്റര്‍ ദൂരം എട്ടു മണിക്കൂര്‍ 25 മിനിട്ട് 16 സെക്കന്‍ഡ് കൊണ്ടാണ് ഫൗജ ഫിനിഷ് ചെയ്തത്. 89 ാം വയസിലാണ് ഫൗജ മാരത്തണ്‍ ഓടാന്‍ തുടങ്ങിയത്. കരിയറില്‍ എട്ടു തവണ ഫൗജ മാരത്തണ്‍ ഓടി.