Administrator
Administrator
ഗ്വാണ്ടനാമോയില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നു
Administrator
Tuesday 26th April 2011 8:46pm

ഗോണ്ട്വാനാമോ തടവറയില്‍ നിരപരാധികളായ നൂറുകണക്കിന് ആളുകള്‍ ഇപ്പോഴുമുണ്ടെന്ന് വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു. ഉടനേ അടച്ചുപൂട്ടുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തടവറയില്‍ നിരപരാധികളായ 172 ആളുകള്‍ ദുരിതംപേറി ജീവിക്കുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

നിരപരാധികളോ അപരാധികളോ
അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളില്‍ ഭീകരാക്രമണം നടത്തിയതിന്റേയും മറ്റ് വിഘടനപ്രവര്‍ത്തനം നടത്തിയതിന്റേയും പേരിലാണ് 172 തടവുകാരെയും ഗ്വാണ്ടാനാമോയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും ഒരുതെറ്റും ചെയ്യാത്തവരോ ചെറിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരോ ആണ്.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും പിടിക്കപ്പെട്ടവരാണ് ഗ്വാണ്ട്വാനാമോയില്‍ കഴിയുന്നവരില്‍ അധികവും. ഇവരില്‍ പലരും കര്‍ഷകരും പാചകത്തൊഴിലാളികളും ഡ്രൈവര്‍മാരുമായിരുന്നു. കൊടിയ തീവ്രവാദക്കുറ്റം ചുമത്തിയാണ് ഇവരെ ഗോണ്ടാനോമോയില്‍ തടവിലിട്ടിരിക്കുന്നത്. വിചാരണപോലും നടത്താതെയാണ് ഭൂരിപക്ഷം പേരെയും തടവിലാക്കിയിട്ടുള്ളത്.

എന്നാല്‍ കൊടുംഭീകരവാദികളും ഗോണ്ട്വാനാമോ തടവറിയല്‍ കഴിയുന്നുണ്ടെന്ന് വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 11ലെ ആക്രമണം ആസൂത്രണം ചെയ്ത ഖാലിദ് ഷെയ്ഖ് മുഹമ്മദ് അടക്കമുള്ള കുപ്രസിദ്ധ കുറ്റവാളികളും ഗ്വാണ്ടാനോമോ തടവറയിലുണ്ട്.

ഗോണ്ട്വാനാമോ അടയ്ക്കാനാവില്ല

guantanamoഅതിദാരുണമായ പീഡനമാണ് ഗോണ്ട്വാനാമോ തടവറയില്‍ നടക്കുന്നതെന്ന് നേരത്തേ തെളിഞ്ഞിരുന്നു. തുടര്‍ന്ന് യു.എന്‍ മനുഷ്യാവകാശ സംഘടന ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സമിതികള്‍ പ്രശ്‌നത്തിലിടപെടുകയും അത് വന്‍ ചര്‍ച്ചാവിഷയമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബരാക് ഒബാമ അധികാരത്തിലേറിയശേഷം തടവറ എന്നെന്നേക്കുമായി അടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഗോണ്ട്വാനാമോ തടവറ അടയ്ക്കാവുന്ന സ്ഥിതിയല്ല നിലവിലുള്ളതെന്ന് അമേരിക്കയുടെ ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നതായി വിക്കിലീക്‌സ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഗോണ്ട്വാനാമോ തടവറയെക്കുറിച്ചും തടവുകാരെക്കുറിച്ചും അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ 700 ഓളം വരുന്ന രേഖകളാണ് വിക്കിലീക്‌സ് ചോര്‍ത്തിയിട്ടുള്ളത്.

ചൈന, റഷ്യ, തജകിസ്ഥാന്‍, യെമന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, കുവൈറ്റ്, അള്‍ജീരിയ, ടുണീഷ്യ എന്നീ രാഷ്ട്രങ്ങള്‍ ഗോണ്ട്വാനാമോയിലെ തടവുകാരെ ചോദ്യംചെയ്യാനായി എത്തിയിരുന്നുവെന്നും വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു.

പീഡനം തുടരുന്നു
അന്താരാഷ്ട്ര തലത്തില്‍തന്നെ മുറവിളി ഉയര്‍ന്നിട്ടും തടവുകാരെ പീഡിപ്പിച്ച് രസിക്കുന്ന അമേരിക്കന്‍ സൈനികരുടെ വിനോദം അവസാനിച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ തടവുകാരെ പീഡിപ്പിക്കാനായി എന്തെല്ലാം പുതിയ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നതെന്നൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. നായ്ക്കളെക്കൊണ്ട് കടിപ്പിക്കുക, നഗ്നരായി കണ്ണുകെട്ടിച്ച് നടത്തുക, ഇലക്ട്രിക് ഷോക്ക് നല്‍കുക തുടങ്ങിയ ‘ പീഡനമുറകള്‍ ഇപ്പോഴും’ തുടരുന്നു.

സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ പങ്കെടുത്തു എന്ന സംശയത്തില്‍ അറസ്റ്റ് ചെയ്ത സൗദിവംശജനായ മുഹമ്മദ് ഖത്താനിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കണ്ണുകെട്ടി, നഗ്നനാക്കി കഴുത്തില്‍ തുടലിട്ട് ഖത്താനിയെ വലിച്ചിഴയ്ക്കുന്നതും സ്വന്തം ശരീരത്തില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ ആവശ്യപ്പെടുന്നതുമായ ദൃശ്യം 2002 നും 2003നുമിടയ്ക്ക് ലോകമാകെ പ്രചരിച്ചിരുന്നു.

Advertisement