ഗുവാങ്ഷു: മഴമേഘങ്ങളെ തുരത്തി ആരോപണങ്ങള്‍ക്ക് നേരിയ പഴുതുപോലും നല്‍കാതെ, ട്വിന്‍ടവറും കാന്റണ്‍ ടവറും ദീപപ്രഭ വിടര്‍ത്തി ഗുവാന്‍ഷു ഒരുങ്ങി, പതിനാറാമത് ഏഷ്യന്‍ ഗെയിംസിന്. ലക്ഷക്കണക്കിന് ആരാധകരെ വിസ്മയിപ്പിക്കാന്‍ എന്തെല്ലാമാണ് ചൈന കരുതിവച്ചിരിക്കുന്നതെന്നത് ഇന്നറിയാം.

ഗെയിംസിന് വ്യത്യസ്തമായ മുഖം നല്‍കാനായി ഗ്വാങ്ചൗ തയ്യാറായിക്കഴിഞ്ഞു. ഗ്വാങ്ചൗ നഗരക്കാഴ്ച്ച പൂര്‍ണമായും ജനങ്ങളിലേക്കെത്തിക്കുന്ന വിസ്മയക്കാഴ്ച്ചയായിരിക്കും ഉദ്ഘാടനച്ചടങ്ങിലുണ്ടാവുക. 45 ഏഷ്യന്‍ രാജ്യങ്ങളിലേയും സംഘങ്ങള്‍ 45 നൗകകൡായിട്ടായിരിക്കും സ്റ്റേഡിയത്തിലേക്ക് എത്തുക.

ചൈനയുടെ സംസ്‌കാരം,കായികസംസ്‌കാരം, ഏഷ്യന്‍ സംസ്‌കാരം എന്നിവയെ വ്യക്തമാക്കുന്നതായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍. വൈകീട്ട് ഏഴുമുതല്‍ തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ പാതിരാത്രിവരെ നീളും. ഒളിമ്പിക്‌സ് നടത്തി നേടിയ പരിചയം ലോക സാമ്പത്തികശക്തിയായി വളരുന്ന ചൈനക്ക് കരുത്തായിട്ടുണ്ട്. വിവാദങ്ങള്‍ക്ക് യാതൊരു പഴുതും നല്‍കാതെ ഗുവാങ്ഷു കാത്തിരിക്കുകയാണ്, ലോകകായികചരിത്രത്തിന് പുതിയൊരു മാനം നല്‍കാന്‍.