എഡിറ്റര്‍
എഡിറ്റര്‍
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ ഭാര്യയുടെ വധശിക്ഷ സ്റ്റേ ചെയ്തു
എഡിറ്റര്‍
Tuesday 21st August 2012 9:00am

ബെയ്ജിങ്: ബ്രിട്ടീഷ് വ്യവസായി നീല്‍ ഹേവുഡ്ഡിനെ കൊലപ്പെടുത്തിയ കേസില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നേതാവ് ബോ ഷിലായുടെ ഭാര്യ ഗു കൈലായുടെ വധശിക്ഷ കോടതി താത്കാലികമായി മരവിപ്പിച്ചു. ഇനി രണ്ടുവര്‍ഷം ഒരു കുറ്റവും ചെയ്തില്ലെങ്കില്‍ വധശിക്ഷ നടപ്പാക്കില്ല എന്നാണ്  പുതിയ വിധി. എന്നാല്‍ ജീവപര്യന്തം തടവ് അനുഭവിക്കണം.

Ads By Google

കൊലപാതകത്തില്‍ കൈലായുടെ സഹായിയായിരുന്ന ഴാങ് സിയാജുവിനെ ഒന്‍പതു വര്‍ഷം തടവുശിക്ഷയ്ക്കും വിധിച്ചു.

2011ല്‍ വ്യാരപങ്കാളികളായിരുന്ന ഹേവുഡും കൈലായിയും തമ്മില്‍ സാമ്പത്തിക വിഷയത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തന്റെ മകന്റെ ജീവന് ഭീഷണി ഉയര്‍ത്തിയ ഹേവുഡിനെ കൊല്ലാന്‍ കൈലായിതീരുമാനിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഹേവുഡിന്റെ മൃതദേഹം ചോങ്ങിങ്ങിലെ ഹോട്ടലില്‍നിന്ന് കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന ബോ ഷിലായുടെ വലം കൈയായിരുന്ന പോലീസ് മേധാവി വാങ് ലിജുനാണ് കൃത്യം നടന്ന് നാലുമാസത്തിനുശേഷം സംഭവം വെളിപ്പെടുത്തിയത്. ഹേവുഡിന്റെ മരണസമയത്ത് ചോങ്ങിങ്ങിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയായിരുന്നു ബോ ഷിലായി.

സംഭവം വിവാദമായതിനെ തുടര്‍ന്ന ഷിലായിയെ പാര്‍ട്ടി പുറത്താക്കി. അച്ചടക്കലംഘനത്തിന് അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണവും നടക്കുകയാണ്. വിധി പ്രഖ്യാപിച്ചതിനു ശേഷം സംസാരിച്ച കോടതി വക്താവ് താങ് യിജാന്‍, മകന്റെ സുരക്ഷയ്ക്ക് ഹേവുഡ് ഭീഷണി സൃഷ്ടിച്ചതിനെത്തുടര്‍ന്ന് കൈലായിക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടായതായും പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നതായി ഹേവുഡ് കുടുംബ അഭിഭാഷകന്‍ പറഞ്ഞു.

Advertisement