കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണത്തിനെതിരെ സമരം ചെയ്യുന്ന ‘വയല്‍ കിളി’ള്‍ക്കെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. സര്‍ക്കാരിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ സമരം ചെയ്യുന്നത് നീതിയല്ലെന്നും സ്ത്രീകളെയും കുട്ടികളെയും സമരത്തിന് മുന്നില്‍ നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകരടക്കമുള്ള നാട്ടുകാരാണ് വയല്‍ നികത്തിയുള്ള ബൈപ്പാസിനെതിരെ രംഗത്തെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ‘വയല്‍ക്കിളികള്‍’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത് ഇതിനെതിരെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം

കണ്ണൂര്‍ ഇരിണാവില്‍ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍കിളികള്‍ എന്ന് പേരിട്ട് കിളികളെ ആക്ഷേപിക്കുകയാണ്. കിളികള്‍ സമരത്തിന് പോകാറില്ലെന്നും വയല്‍ക്കിളികള്‍ സര്‍ക്കാറിനെതിരെ പറക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെയും കുഞ്ഞുങ്ങളെയും സമരത്തിനു മുന്നില്‍ നിര്‍ത്തരുതെന്നും ഘടക പാര്‍ട്ടികള്‍ പോലും സമരത്തിനു വരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. വികസനത്തിനെത്തിരെ കലാപമുണ്ടാക്കി കേരളത്തെ അഫ്ഗാനിസ്ഥാന്‍ ആക്കാനുള്ള ശ്രമം ശക്തമായി തടയും. തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടി വികസനത്തിനു തടസ്സം നില്‍ക്കുന്നവര്‍ ദുഃഖിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

സി.പി.ഐ.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി സജീവ പ്രവര്‍ത്തകനുമായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു സമരം ആരംഭിച്ചിരുന്നത്. സമരത്തില്‍ പങ്കെടുത്ത പതിനൊന്ന് പാര്‍ട്ടി അംഗങ്ങളെ കഴിഞ്ഞ ദിവസം സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. കീഴാറ്റൂരില്‍ ബൈപാസിനെതിരെ സമരം ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ട്, ജമാത്ത് ഇസ്‌ലാമി എന്നിവ പോലുള്ള സംഘടനകളാണെന്ന് മുമ്പ് ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.