കോഴിക്കോട്: ജി.എസ്.ടിക്ക് പിന്നാലെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട് ഇന്ത്യന്‍ കോഫി ഹൗസുകള്‍. ജി.എസ്.ടിയുടെ വരവോടെ അരശതമാനം ഉണ്ടായിരുന്ന നികുതി ഒറ്റയടിക്ക് 12 ശതമാനമായി വര്‍ദ്ധിപ്പിച്ചതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണം.

അരശതമാനമായിരുന്ന നികുതി 12 ശതമാനമായി വര്‍ധിച്ചതോടെ കോഫീ ഹൗസിലെ ഭക്ഷണ സാധനങ്ങള്‍ക്കും വിലകൂടി. ഇതോടെ പഴയപോലെ ആളുകള്‍ എത്താതുമായി. മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്നു എന്നതായിരുന്നു ആളുകളെ കോഫി ഹൗസിലേക്ക് ആകര്‍ഷിച്ചിരുന്ന ഒരു പ്രധാന ഘടകം.


Dont Miss കറുപ്പ് കാണുമ്പോ, താടീം മുടീം കാണുമ്പോ, പച്ചകുത്ത് കാണുമ്പോ ഉള്ള ചൊറിച്ചില്‍ നിലനിര്‍ത്താന്‍ എന്തെങ്കിലും മരുന്നുണ്ടോ ഡോക്ടറേ?


പ്രതിവര്‍ഷം 34 ലക്ഷം രൂപ നികുതി നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ 8.5 കോടിരൂപയാണ് നികുതി നല്‍കേണ്ടിവരുന്നതെന്ന് കോഫി ഹൗസ് ജീവനക്കാര്‍ തന്നെ പറയുന്നു.

40 രൂപയായിരുന്ന ഉച്ചയൂണിന് ഇപ്പോള്‍ 45രൂപയായി. സാധനങ്ങള്‍ക്ക് വിലകൂടിയതോടെ ഹോട്ടലിലെത്തിയിരുന്ന സ്ഥിരം ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി.

ജിഎസ്ടിയുടെ വരവോടെ ഒരോ യൂണിറ്റിലെയും വ്യാപാരത്തില്‍ വന്‍ ഇടിവുണ്ടായി. ഇത് കാരണം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് ഇന്ന് കോഫീ ഹൗസ്. 60 കോടി രൂപയുടെ വാര്‍ഷിക വ്യാപാരമാണ് മലബാര്‍ മേഖലകളിലെ കോഫി ഹൗസുകളില്‍ നടക്കുന്നത്.