ശ്രീഹരിക്കോട്ട: 125 കോടി രൂപ ചെലവില്‍ ഇന്ത്യ നടത്തിയ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജിസാറ്റ്(ജിയോസ്‌റ്റേഷണറി സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍)5 പിയുടെ വിക്ഷേപണം പരാജയപ്പെട്ടു. വിക്ഷേപണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ എന്‍ജിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 20നു നടത്താനിരുന്ന വിക്ഷേപണം റഷ്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിനില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 15ന് ഇന്ത്യ നടത്തിയ ആദ്യ ശ്രമവും പരാജയപ്പെടുകയായിരുന്നു. ഇന്ത്യന്‍ നിര്‍മ്മിത ക്രയോജനിക്ക് എന്‍ജിന്‍ ഉപയോഗിച്ചുകൊണ്ട് വിക്ഷേപിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടിരുന്നത്. ഉപഗ്രഹം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയായിരുന്നു.

റഷ്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിനില്‍ നേരിയ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിക്ഷേപണം ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചത്. വെള്ളിയാഴ്ച്ച രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് 30 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.

ജിസാറ്റ് പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 5പി. 12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ്. 2300 കിലോഗ്രാം ഭാരമുള്ള ജി.സാറ്റ് 5 പി.യില്‍ 36 ട്രാന്‍സ്‌പോണ്ടറുകളാണുള്ളത്. എ.ടി.എം., നെറ്റ്ബാങ്കിങ്, ടെലികോം, ടെലിവിഷന്‍ എന്നീ മേഖലകളില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന ഈ ട്രാന്‍സ്‌പോണ്ടറുകള്‍ ഇന്ത്യയുടെ ആശയവിനിമയ മേഖലയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.