ചെന്നൈ: ജി.എസ്.എല്‍.വി എഫ്-06ന്റെ പരാജയം ഇന്ത്യയുടെ അഭിമാനപദ്ധതിയായ ചാന്ദ്രയാന്‍ ദൗത്യത്തെ ബാധിക്കില്ലെന്ന് ഐ.എസ്.ആര്‍.ഒ. ചാന്ദ്രയാന്‍ രണ്ടാംഘട്ടം മൂന്‍നിശ്ചയിച്ചപോലെ നടക്കുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കി.

‘ജി.എസ്.എല്‍.വി എഫ്-06ന്റെ പരാജയം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ വിക്ഷേപണപരാജയം ചാന്ദ്രയാന്‍ പദ്ധതിയെ ബാധിക്കില്ല. ചാന്ദ്രയാന്‍ പദ്ധതിയുടെ രണ്ടാംഘട്ടം 2013ല്‍ തന്നെ നടക്കും. റഷ്യന്‍ ക്രയോജനിക് എന്‍ജിന്റെ സഹായത്തോടെയായിരിക്കും ചാന്ദ്രയാന്‍ രണ്ടും വിക്ഷേപിക്കുകയെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ 125 കോടി ചെലവിട്ട് ഇന്ത്യ നടത്തിയ ഭൂസ്ഥിര ഉപഗ്രഹ വാഹനത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ എന്‍ജിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 15ന് ഇന്ത്യ നടത്തിയ ആദ്യ ശ്രമവും പരാജയപ്പെടുകയായിരുന്നു. ഇന്ത്യന്‍ നിര്‍മ്മിത ക്രയോജനിക്ക് എന്‍ജിന്‍ ഉപയോഗിച്ചുകൊണ്ട് വിക്ഷേപിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടിരുന്നത്. ഉപഗ്രഹം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയായിരുന്നു.