കോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സമാന ചിന്താഗതിക്കാരുടെ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി ഉടന്‍ പുന: സംഘടിപ്പിക്കണം. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ലാതെ പാര്‍ട്ടിയോട് കൂടുതല്‍ വിധേയത്വവും കൂറും പുലര്‍ത്തുന്ന മിടുക്കരാകണം സംഘടനാ സ്ഥാനങ്ങളിലെത്തേണ്ടതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം മാനിച്ചേ പറ്റുള്ളുവെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

കെ.പി.സി.സി പുന:സംഘടന ഉടന്‍ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ടി.പി. ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന് പറഞ്ഞ് സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി.പി. ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പ്രസംഗം ഗൗരവമായി കാണാതിരിക്കാന്‍ കഴിയില്ല. സി.പി.ഐ.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസംഗം ഗൗരവമായി കണ്ട സര്‍ക്കാരിന് ഇത് ഗൗരവമായി കാണാതിരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോപാലകൃഷ്ണന്റെ പ്രസംഗം അന്നത്തെ ഇന്റലിജന്‍സ് സംവിധാനം എന്തുകൊണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് അദ്ദേഹം ചോദിച്ചു. അഥവാ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.