തിരുവനന്തപുരം: കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ മൂര്‍ച്ഛിച്ച ഗ്രൂപ്പ് പോരിന് പിന്നില്‍ അധികാരത്തര്‍ക്കവും സംഘടനാ തിരഞ്ഞെടുപ്പും. കണ്ണൂരില്‍ സുധാകരന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട വഴക്ക് എന്ന നിലയ്ക്ക് പുതിയ സംഭവവികാസങ്ങളെ തള്ളിക്കളയാനാവില്ല. സുധാകരന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പോലീസ് നീക്കം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ ബോര്‍ഡുതന്നെയാണ് സുധാകരന്റെ അനുയായികള്‍ പരസ്യമായി നീക്കം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കും നിയമം ബാധകമാണെന്ന് സുധാകരന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

വിശാല ഐ. വിഭാഗത്തിലെ ചിലര്‍ സുധാകരനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അധികാരം എ ഗ്രൂപ്പുകാരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന ആരോപണം വിശാല ഐ. വിഭാഗത്തിനുണ്ട്. പൊലീസ് ഭരണത്തില്‍ ഐ ഗ്രൂപ്പിന് ഒരു പങ്കുമില്ലെന്നാണ് പരാതി. കെ.പി.സി.സി പ്രസിഡന്റ് വിളിച്ചുപറഞ്ഞാല്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍പോലും വിലവയ്ക്കുകയില്ലെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ സുധാകരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിവേണം പുതിയ സംഭവവികാസങ്ങളെ കാണാന്‍.

രമേശ് പക്ഷക്കാര്‍ മാത്രമല്ല, ഇതില്‍ പരാതിക്കാര്‍. ഭരണവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു ഉപവിഭാഗമാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും അവരില്‍ ചിലര്‍ അഴിമതിക്കാരാണെന്നുമുള്ള പരാതി ‘ എ ‘ പക്ഷത്തെ ചിലര്‍ക്കും ഉണ്ട്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, ഏറണാകുളം കോട്ടയം, തൃശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോ നേതാക്കള്‍ പറയുന്നത് മാത്രമാണ് പോലീസില്‍ നടക്കുന്നതത്രെ. പാര്‍ശ്വവര്‍ത്തികളുടെ പ്രവൃത്തികളെ മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരുടെ പ്രധാന ആരോപണം.

പാര്‍ട്ടിയും ഭരണവും തമ്മില്‍ യോജിപ്പില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പല കാര്യങ്ങളിലും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. മദ്യനയം പോലുള്ള അതീവ ഗൗരവമുള്ള കാര്യത്തില്‍ പോലും തീരുമാനമെടുത്തത് പാര്‍ട്ടിയോട് ആലോചിക്കാതെയാണ്. സര്‍ക്കാരിന്റെ പല പരിപാടികളും പാര്‍ട്ടി അറിയാതെപോവുന്നു. സംഘടനാ തിരഞ്ഞെടുപ്പ് അനന്തമായി വൈകുകയാണെങ്കിലും തങ്ങളുടെ പിടി മുറുക്കുന്നതിനുവേണ്ടിയാണ് വിശാല ഐ വിഭാഗം അസ്വസ്ഥത സൃഷ്ടിക്കുന്നതെന്ന് എ വിഭാഗം കരുതുന്നു.

ഡി.സി.സികള്‍ പങ്കുവയ്ക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയും രമേശും തമ്മിലുണ്ടായ തര്‍ക്കം കാരണമാണ് പാര്‍ട്ടി പുനഃസംഘടന നേരത്തേ അട്ടിമറിഞ്ഞുപോയത്. പാര്‍ട്ടി താഴേത്തട്ടില്‍ പല ഇടങ്ങളിലും നിര്‍ജീവമാണിപ്പോള്‍. തിരുവനന്തപുരം ഉള്‍പ്പെടെ പല ജില്ലകളിലും ആക്ടിംഗ് പ്രസിഡന്റുമാരുടെ കീഴിലാണ് ഭരണം. പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് പുനഃസംഘടന നടത്തുമെന്നാണ് ഇപ്പോള്‍ പറയുന്നത്.