ഭോപ്പാല്‍: വിവാഹത്തിനിടെ വരന്‍ അബദ്ധത്തില്‍ 10വയസുള്ള വധുവിന്റെ ബന്ധുവിനെ കൊലപ്പെടുത്തി. നീമുച്ച് ജില്ലയിലെ രാംപുര ഗ്രാമത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

വിവാഹാചാരത്തിന്റെ ഭാഗമായുള്ള വാളുപയോഗിച്ചുള്ള ഒരു ചടങ്ങിനിടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് വിവാഹവുമായി മുന്നോട്ടുപോകാന്‍ വധുവിന്റെ ബന്ധുക്കള്‍ വിസമ്മതിക്കുകയും ഇതേത്തുടര്‍ന്ന് വിവാഹം നിര്‍ത്തിവെക്കുകയും ചെയ്തു.

വരന്‍ വാള്‍ ഉപയോഗിച്ച് ഒരു മരത്തിന്റെ ഇലകള്‍ വെട്ടുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. വാള്‍ കയ്യില്‍ നിന്നും തെറിച്ചുപോയി സമീപത്തുണ്ടായിരുന്ന കുട്ടിയുടെ വയറിലേക്ക് കുത്തിക്കയറുകയായിരുന്നെന്ന് രാംപുര പൊലീസ് സ്റ്റേഷനിലെ അമിത് സറാസ്‌വാത് പറയുന്നു.


Must Read: ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല എന്റെ രീതി; നിവിന്‍ പോളി 


കുട്ടിയെ ഉടന്‍ തന്നെ 60 കിലോമീറ്റര്‍ അകലെയുള്ള ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് വരന്റെ പേരില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.