ജൊഹനാസ്ബര്‍ഗ്: ലോകകപ്പിലെ ടീമിന്റെ തോല്‍വിയുടെ സര്‍വ്വഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഗ്രെയിം സ്മിത്ത് ഒഴിഞ്ഞു. നിലവിലെ സ്ഥിതിയനുസരിച്ച് ടീമിന് മികച്ച ഭാവി കാണുന്നില്ലെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.

സിലക്ടര്‍മാര്‍ക്കും കോച്ചിനും ടീമിനെ കരകയറ്റണമെങ്കില്‍ പിടിപ്പതു പണിയെടുക്കേണ്ടിവരുമെന്നാണ് സ്മിത്ത് അഭിപ്രായപ്പെടുന്നത്. ലോകകപ്പ് ക്വാര്‍ട്ടറില്‍ 49 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡിനോട് തോറ്റു പുറത്തായത്.

ഗ്രൂപ്പ് മല്‍സരങ്ങളില്‍ മികച്ച കളി കാഴ്ച്ചവെച്ചുവെന്നും ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വിയില്‍ നിന്നും മുക്തനായിട്ടില്ലെന്നും സ്മിത്ത് സമ്മതിച്ചു. സീനിയര്‍ താരമെന്ന നിലയ്ക്കും ബാറ്റ്‌സ്മാനെന്ന നിലയ്ക്കും ടീമിനായി ഇനിയും മികച്ച പ്രകടനങ്ങള്‍ നടത്തണമെന്നാണ് ആഗ്രഹമെന്നും സ്മിത്ത് പറഞ്ഞു.