Administrator
Administrator
ഗാന്ധിനഗറിലെ മഹാത്മാവ്
Administrator
Saturday 3rd March 2012 4:31pm

എസ്സേയ്‌സ് / ജി.പി രാമചന്ദ്രന്‍
ത് 2012 ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവുമാണ്. കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യ നടന്നിട്ട് പത്ത് വര്‍ഷം തികയുന്നു. ഒരു വര്‍ഷം മുമ്പത്തേക്ക് ഒന്ന് റീവൈന്‍ഡ് ചെയ്യുക. 2011 ജനുവരിയില്‍ ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ എന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ വൈബ്രന്റ് ഗുജറാത്ത് എന്ന പടുകൂറ്റന്‍ വ്യാപാരി വ്യവസായി മേളയില്‍ വെച്ചു തന്നെ തന്റെ ഇരട്ടപ്പേരുകളില്‍ നിന്ന് നരേന്ദ്ര ദാമോദര്‍ദാസ് മോഡിയെ ദേശ-വിദേശ മാധ്യമങ്ങള്‍ മോചിപ്പിച്ചുകഴിഞ്ഞിരുന്നു. ഫാസിസ്റ്റ്, കൂട്ടക്കൊലയാളി, ഹിന്ദുത്വ  മതഭ്രാന്തന്‍ എന്നീ വിശേഷണങ്ങള്‍ക്കു പകരം, വികാസ് പുരുഷ് എന്ന മഹത്വത്തിലേക്ക് മോഡി കുതിച്ചുയര്‍ന്നു. ടാറ്റയും അംബാനിയും മിത്തലും മാത്രമല്ല ജപ്പാനിലെയും കാനഡയിലെയും മറ്റനവധി വിദേശ രാജ്യങ്ങളിലെയും നയതന്ത്ര വ്യാപാര പ്രതിനിധികളും നിരന്നിരുന്ന് വാഴ്ത്തുകയായിരുന്നു ഈ മഹാത്മാവിനെ! നൂറിലധികം രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വ്യവസായികളാണ് മഹാത്മാവില്‍ നിന്ന് മഹാത്മാവിലെത്തി നില്‍ക്കുന്ന കേന്ദ്രത്തില്‍ തടിച്ചുകൂടിയത്. 450 ബില്യണ്‍ ഡോളറിന്റെ വ്യവസായവികസനം അതോടെ ഉറപ്പായി എന്നാണ് പത്രങ്ങള്‍ വീമ്പിളക്കിയത്.

വീണ്ടും എട്ട് വര്‍ഷം പിറകോട്ട് പോകുക. 1200ലധികം മുസ്‌ലിംകളെ നിഷ്ഠൂരമായി കൊന്നൊടുക്കിയ വംശഹത്യക്കു ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം മോഡി തന്നെ ജയിച്ചു കയറിയിട്ടും, വംശഹത്യാവീരന്‍ എന്ന ദുഷ്‌പേര് മാറ്റിയെടുക്കാനായില്ല. അപ്പോഴാണ് 2003ല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ ഒരു പ്രത്യേക സമ്മേളനം, ദല്‍ഹിയിലുള്ള അവരുടെ തന്നെ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന് മോഡിയെ അനുമോദിച്ചത്. മുസ്‌ലിംകളെ കൊന്നൊടുക്കുകയും ബലാത്സംഗം ചെയ്ത് രസിക്കുകയും ചെയ്ത് കൊണ്ടാടിയ വംശഹത്യാകാലത്ത്, ആയിരത്തിലധികം ട്രക്കുകള്‍ മുഴുവനായി തീയിട്ട് നശിപ്പിച്ചു. ജനറല്‍ മോട്ടോര്‍സില്‍ നിന്നെത്തിയ ഓപ്പണ്‍ ആസ്ത്രാ കാറുകളുടെ ഒരു ഷിപ്പ്‌മെന്റ് അപ്പാടെ കൊള്ളയടിക്കപ്പെട്ടത് ലോകവ്യാപകമായി പത്രത്തലക്കെട്ടായി വന്നിരുന്നു.

അന്നത്തെ കണക്കനുസരിച്ച് ഇരുനൂറ് കോടി രൂപയുടെ വസ്തുവഹകളാണ് ഗുജറാത്തി വ്യവസായമേഖലക്ക് നഷ്ടമായത്. ബന്ദുകളിലും ഹര്‍ത്താലുകളിലും പണിമുടക്കുകളിലും മറ്റുമായി ഉണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് വാചാലരാകുന്ന മുഖ്യധാരാ പത്രങ്ങള്‍ അക്കാലത്ത് ഇതൊക്കെ എഴുതിയിരുന്നുവെങ്കിലും ഇപ്പോള്‍ മറവിയുടെ പിന്നിലൊളിച്ചിരിക്കുകയാണ്. നരേന്ദ്ര മോഡിയെ വികസന നായകന്‍ എന്നു വിശേഷിപ്പിക്കുന്ന മന്ദബുദ്ധിക്കുട്ടികളെ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മാറിമാറി വിജയിപ്പിക്കുന്ന കളികളിലാണ് രാഷ്ട്രീയ പ്രബുദ്ധരായ കേരളീയര്‍ പോലും ഏര്‍പ്പെട്ടിരിക്കുന്നതെന്നിരിക്കെ, പരസ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പത്രങ്ങളെ എന്തിന് കുറ്റപ്പെടുത്തണം?


വംശഹത്യയുടെ വാര്‍ത്തകള്‍ കണ്ടും വായിച്ചും കേട്ടും നടുങ്ങിയവരിലും പ്രതിഷേധമറിയിച്ചവരിലും അനവധി വ്യവസായികളും ഉണ്ടായിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സി.ഇ.ഒ ദീപക് പരേഖ്, ഷിപ്പിംഗ് കമ്പനിയായ എ.എഫ്.എല്ലിന്റെ സി.എം.ഡി സൈറസ് ഗുസ്താര്‍, ഇന്‍ഫോസിസിന്റെ നാരായണമൂര്‍ത്തി, വിപ്രോയുടെ അസീംപ്രേജി, പവര്‍ കമ്പനിയായ തെര്‍മാക്‌സിന്റെ അധ്യക്ഷ അനു ആഗ എന്നിവരടക്കം നിരവധി വ്യവസായ പ്രമുഖര്‍ പരസ്യമായി ശക്തമായ ഭാഷയില്‍ ഗുജറാത്ത് വംശഹത്യക്കെതിരെ അക്കാലത്ത് രംഗത്തു വന്നു. ഗൂഢവും സമര്‍ഥവുമായ തന്ത്രങ്ങളിലൂടെ ഈ വ്യവസായ അനിഷ്ടത്തെ മോഡി മറികടന്നു. അതിന്റെ  വിശദാംശങ്ങളിലേക്ക് പോകുന്നില്ല.

ഇനി 2014 ആണ് എല്ലാവരും ഉറ്റുനോക്കുന്ന വര്‍ഷം. സ്വതന്ത്ര ഇന്ത്യയിലെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിയായിരിക്കുമെന്നെല്ലാവര്‍ക്കുമുറപ്പാണ്. മോഡിയെ പ്രധാനമന്ത്രി പദത്തിലവരോധിക്കാനായി അച്ചടി ദൃശ്യ മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും വന്‍തോതിലുള്ള പ്രചണ്ഡ പ്രചാരണങ്ങളാണ് നടന്നു വരുന്നത്. ഇന്ത്യാ ടുഡേ വാരിക നടത്തിയ പോളില്‍ ഇരുപത്തി നാല് ശതമാനം പേരുടെ പിന്തുണയോടെ മോഡി, രാഹുല്‍ ഗാന്ധിയെ ബഹുദൂരം പിന്നിലാക്കി. പക്ഷേ, 2014നു മുമ്പ് 2012 ഉണ്ട്. ഈ ഡിസംബറിലാണ് നരേന്ദ്ര മോഡിയുടെ മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. അതിലെന്തു നടക്കുമെന്നതും കാര്യങ്ങളെ നിര്‍ണായകമായി സ്വാധീനിക്കും.

മഹാത്മാ ഗാന്ധിയെ മുന്‍ ആര്‍.എസ്.എസുകാരനായ നാഥുറാം ഗോഡ്‌സേ വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് ആര്‍.എസ്.എസിനെ നെഹ്‌റു നിരോധിക്കുകയും ഇരുപതിനായിരത്തിലധികം സ്വയം സേവകരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. അക്കാലത്ത്, ഒളിപ്രവര്‍ത്തനത്തിലൂടെയാണ് ഗുജറാത്തില്‍ ആര്‍.എസ്.എസ് കെട്ടിപ്പടുത്തത്. എട്ട് വയസ്സുണ്ടായിരുന്ന നരേന്ദ്ര മോഡി ശാഖയില്‍ അംഗമായതും അക്കാലത്തായിരുന്നു. വക്കീല്‍ സാഹേബ് എന്നറിയപ്പെട്ടിരുന്ന ലക്ഷ്മണ്‍ റാവ് ഇനാംദാറായിരുന്നു 1949നു ശേഷമുള്ള ആ വര്‍ഷങ്ങളില്‍ സംഘത്തെ ഗുജറാത്തില്‍ നയിച്ചതും വളര്‍ത്തിയെടുത്തതും. 1958ലെ ദീവാളി ദിനത്തില്‍ വക്കീല്‍ സാഹിബില്‍ നിന്നും പ്രതിജ്ഞ സ്വീകരിച്ചുകൊണ്ട് മോഡി ബാല സ്വയം സേവകനായി ഉയര്‍ന്നു.

വാദ്‌നഗര്‍ എന്ന, മധ്യകാലത്തെ ഓര്‍മിപ്പിക്കുന്ന ചെറു പട്ടണത്തിലെ ഇടുങ്ങിയ തെരുവുകളിലൊന്നിലെ വീട്ടിലാണ് മോഡി ജനിച്ചത്. ഏറ്റവും സവിശേഷകരമായ കാര്യം, അദ്ദേഹം ഗാഞ്ചി എന്ന താഴ്ന്ന ജാതിക്കാരനായിരുന്നു എന്നതാണ്. ബ്രാഹ്മണരുടെ വിശേഷിച്ചും ചിത്പാവന്‍ ബ്രാഹ്മണരുടെ അലംഘനീയമായ നേതൃത്വത്തിലൂടെ മാത്രമേ ഹിന്ദുത്വം സാക്ഷാത്കരിക്കപ്പെടൂ എന്ന ധാരണയെ നരേന്ദ്ര  മോഡി തകര്‍ത്തെറിഞ്ഞു. വിശ്വഹിന്ദു പരിഷത് എന്ന ഹിന്ദു ഐക്യത്തിന്റെ പതാക അദ്ദേഹത്തിന്റെ കൈയില്‍ കൂടുതല്‍ ഉയരത്തിലും വ്യാപ്തിയിലും പാറാന്‍ തുടങ്ങിയത് വെറുതെയല്ല. സന്യസിച്ചും ചായക്കടയില്‍ പണിയെടുത്തും സംസ്ഥാന ആര്‍ എസ് എസ് ആസ്ഥാനത്ത് സഹായിയായി നിന്നും വളര്‍ന്ന മോഡി പില്‍ക്കാലത്ത് മുടിചൂടിയ മന്നന്‍ തന്നെയായി തീര്‍ന്നു.

നാല് പ്രധാന കാരണങ്ങളാലാണ്, ഗുജറാത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായി ആര്‍.എസ്.എസിനു മാറാന്‍ കഴിഞ്ഞതെന്ന് തൃദീപ് സുഹൃത് എന്ന സാമൂഹ്യ ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നു. ഒന്നാമത്തേത്, 1974ല്‍ ആരംഭിച്ച ‘നവനിര്‍മാണ്‍ മുന്നേറ്റ’മാണ്. അഴിമതിക്കാരും പിന്തിരിപ്പന്മാരുമായ സര്‍ക്കാറുകള്‍ക്കെതിരെ വിദ്യാര്‍ഥികളെ അണിനിരത്തി നടത്തിയ സമരമായിരുന്നു നവനിര്‍മാണ്‍ മുന്നേറ്റം. അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനില്‍പ്പില്‍ സോഷ്യലിസ്റ്റുകള്‍ക്കും ഗാന്ധിയന്മാര്‍ക്കുമൊപ്പം ആര്‍.എസ്.എസ് ചേര്‍ന്നു നിന്നതായിരുന്നു രണ്ടാമത്തെ കാരണം. മൂന്നാമത്തേതാകട്ടെ, സേവന പ്രവര്‍ത്തനങ്ങളിലും ആശ്വാസമെത്തിക്കലുകളിലും മുന്നിട്ടിറങ്ങിയതിലൂടെ ലഭിച്ച മുന്‍കൈയായിരുന്നു. 1971ലെ ക്ഷാമ കാലത്തും 1979ല്‍ മച്ചു അണക്കെട്ട് തകര്‍ന്ന് ആയിരക്കണക്കിനാളുകള്‍ മരിച്ചപ്പോഴും സഹായഹസ്തവുമായി ആര്‍.എസ്.എസ് നിറഞ്ഞു നിന്നു. നാലാമതായി, പ്രിവിപേഴ്‌സ് നിര്‍ത്തലാക്കിയതിനോടൊപ്പം, ഗുജറാത്തിലെ നാട്ടുരാജാക്കന്മാരുടെ ഭൂസ്വത്തും മറ്റും ഇന്ദിരാ ഗാന്ധി പിടിച്ചെടുത്തതില്‍ അവര്‍ക്കുണ്ടായ കടുത്ത നഷ്ടബോധത്തെയും നിരാശയെയും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതും ആര്‍.എസ്.എസിനു തുണയായി. ഇക്കാലയളവിലൊക്കെയും കൂടുതല്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളേറ്റെടുത്തു കൊണ്ട് മോഡി നേതൃത്വത്തിന്റെ ഓരോ പടവും ചവിട്ടിക്കയറുകയായിരുന്നു.

ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്ര പ്രചാരകന്‍ എന്ന നിലക്ക് ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ശേഷം, ബി.ജെ.പിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി മോഡി നിയമിത നായതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ ബി.ജെ.പി അഭൂതപൂര്‍വമായ നിലയില്‍ വളര്‍ന്നത്. 1985ല്‍ സംസ്ഥാന നിയമസഭയില്‍ ബി.ജെ.പിക്ക് കേവലം പതിനൊന്ന് അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും അത് നൂറ്റി ഇരുപത്തിയൊന്നായി കുതിച്ചുയര്‍ന്നു. കേശുഭായ് പട്ടേലിനും ശങ്കര്‍ സിംഗ് വഗേലക്കും കീഴില്‍ മൂന്നാമനായിട്ടാണ് മോഡി പ്രവര്‍ത്തിച്ചതെങ്കിലും മുന്നണി രൂപപ്പെടുത്തുന്നതിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിലും നയങ്ങളും അടവുകളും രൂപപ്പെടുത്തുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.

ഈ കാലയളവില്‍ തന്നെയാണ് ഗുജറാത്തിനെ നടുക്കിയ മൂന്ന് വര്‍ഗീയ ലഹളകളുണ്ടായത്. ഓരോന്നിനും പിറകെ മറ്റൊന്ന് സംഭവിക്കുമ്പോഴും ഒരു കാര്യം ഉറപ്പായിരുന്നു. തൊട്ടു മുമ്പത്തെ ലഹളയേക്കാള്‍ കൂടുതലാളുകള്‍ അടുത്തതില്‍ മരിക്കുകയെന്നതായിരുന്നു അത്. 1985ല്‍ 208 പേരാണ് മരിച്ചതെങ്കില്‍, 1990ലത് 219ഉം, 1992ല്‍ 441ഉം ആയി ഉയര്‍ന്നു. അക്കാലത്ത് വര്‍ഗീയ വിദ്വേഷം വര്‍ധമാനമായ തോതില്‍ വളരുകയും ബി.ജെ.പിക്ക് അതിന്റെ ഗുണം ലഭിക്കുകയും ചെയ്തു. 1992ല്‍ ബാബ്‌രി മസ്ജിദ് തല്ലിപ്പൊളിക്കുന്നതിനു മുന്നോടിയായി നടത്തിയ എല്‍.കെ അദ്വാനിയുടെ രഥ യാത്ര ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നാണല്ലോ ആരംഭിച്ചത്. ഇത് സംഘടിപ്പിക്കുന്നതില്‍ മോഡി വഹിച്ച പങ്ക് അതിപ്രധാനമാണ്. ഈ രഥയാത്രക്കു മുന്നോടിയായി ബി.ജെ.പി സംസ്ഥാനത്ത് രണ്ട് പ്രധാന രഥയാത്രകള്‍ നടത്തിയിരുന്നു. 1987ലെ ‘ന്യായ യാത്ര’യും 1989ലെ ‘ലോക്ശക്തി രഥയാത്ര’യുമായിരുന്നു അവ. പിന്നീട്, ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലൂടെയും ഒറ്റയാന്‍ പോരാട്ടത്തിലൂടെയും വഗേല അടക്കമുള്ള സീനിയര്‍ നേതാക്കളെ മറികടന്നും ഒതുക്കിയും മോഡി ഗുജറാത്ത് ബി.ജെ.പിയുടെ ഏകഛത്രാധിപതിയായി തീര്‍ന്നു.

2001 ഒക്‌ടോബര്‍ ഏഴിനാണ് നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി അവരോധിക്കപ്പെടുന്നത്. അന്നേ ദിവസം തന്നെയാണ്, കാബൂളിലും കാണ്ഡഹാറിലും ജലാലാബാദിലും അമേരിക്ക ബോംബിടുന്നതും. ഒരു മാസം കഴിഞ്ഞപ്പോഴേക്കും ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടു. ലോകത്താകെ ‘ഇസ്‌ലാമിക ജിഹാദ്’ പടര്‍ന്നു പിടിച്ചിരിക്കുന്നു; അതിനെതിരായ യുദ്ധത്തില്‍ എല്ലാവരും അണി ചേരുവിന്‍ എന്ന അമേരിക്കന്‍ മുദ്രാവാക്യം ശക്തമായി അലയടിച്ചു. അക്കാലത്ത് കേന്ദ്രത്തിലധികാരത്തിലിരുന്ന ബി.ജെ.പി സര്‍ക്കാറും ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ വിരുദ്ധ രാജ്യരക്ഷാ പ്രചാരണം കൊണ്ടുപിടിച്ചു. പാര്‍ലമെന്റിനു നേര്‍ക്കാക്രമണം ഉണ്ടാകുന്നതും അക്കാലത്തു തന്നെ.

2002 ഫെബ്രുവരി 27നാണ് കുപ്രസിദ്ധമായ ഗോധ്ര സംഭവം നടക്കുന്നത്. 58 ആളുകള്‍-അവരിലധികവും സ്ത്രീകളും കുട്ടികളുമായിരുന്നു-ഗോധ്രയിലൂടെ സഞ്ചരിച്ചിരുന്ന തീവണ്ടി ബോഗി കത്തി മരിച്ചു. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനായി അയോധ്യയിലേക്ക് പോയി മടങ്ങുകയായിരുന്ന വി.എച്ച്.പി പ്രവര്‍ത്തകരായിരുന്നു ആ തീവണ്ടിയിലധികവും ഉണ്ടായിരുന്നത്. ഗോധ്രയില്‍ നടന്ന തീവെപ്പ് മുസ്‌ലിംകള്‍ നടത്തിയതാണെന്ന പ്രചാരണം സംസ്ഥാനത്താകെ പടര്‍ന്നു. പിന്നീടുണ്ടായത് ചരിത്രം. ഹിന്ദുക്കള്‍ ഒരു ദിവസം കളിക്കട്ടെ, നിങ്ങള്‍ അതിലിടപെടരുത് എന്ന് പോലീസിനോട് മോഡി നിര്‍ദേശിച്ചതായി പിന്നീട് വെളിപ്പെടുത്തപ്പെട്ടു. അഹമ്മദാബാദിലെ മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന 72 വയസ്സുള്ള ഇഹ്‌സാന്‍ ജാഫ്രി താമസിച്ചിരുന്ന ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ മധ്യവര്‍ഗ ഫഌറ്റിലെ എഴുപതാളുകള്‍ ഒന്നിച്ച് ചുട്ടുകൊല്ലപ്പെട്ടു. പത്ത് കൊല്ലം കഴിഞ്ഞു. അന്ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ എന്താണ് നടന്നതെന്ന കാര്യം ഇപ്പോഴും തനിക്കറിയില്ലെന്നാണ് മോഡി ആണയിടുന്നത്. ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സഞ്ജീവ് ഭട്ട് പറയുന്നത് അത് പച്ചക്കള്ളമാണെന്നാണ്. അങ്ങനെയെന്തെല്ലാം കഥകള്‍, കാര്യങ്ങള്‍. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പത്താം വാര്‍ഷികത്തിനു മുമ്പായി ഗുജറാത്ത് വംശഹത്യ അരങ്ങേറി. ഗുജറാത്ത് വംശഹത്യക്ക് പത്ത് വയസ്സ് തികയുമ്പോള്‍, എന്താണ് ഇന്ത്യയില്‍ സംഭവിക്കുക എന്ന് നടുക്കത്തോടെ നാം നോക്കിയിരിക്കുന്നു.

കടപ്പാട്: സിറാജ് ദിനപത്രം

Malayalam news

Kerala news in English

Advertisement