പതിനേഴാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോഡി ഔപചാരികമായി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യും. മെട്രോമാന്‍ എന്ന് പരക്കെ വിളിക്കപ്പെടുന്ന എഞ്ചിനീയറായ ഇ ശ്രീധരനെ സ്റ്റേജില്‍ കയറ്റുന്നില്ല എന്നതാണ് അവശേഷിക്കുന്ന ഏക പ്രശ്‌നമെന്ന നിലയില്‍ വാര്‍ത്തകള്‍ വെച്ച് തകര്‍ക്കുന്ന എല്ലാ അച്ചടി/ദൃശ്യ മാധ്യമങ്ങള്‍ക്കും നല്ല നമസ്‌കാരം.

ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ ഇ ശ്രീധരനുമായി ഒരഭിമുഖമുണ്ട്. ദീര്‍ഘകാലത്തെ പ്രൊഫഷണല്‍ അനുഭവങ്ങളുടെ നിറവും ധന്യതയും മികവും പാകതയും തുറന്ന മനസ്ഥിതിയുമുള്ള ആ അഭിമുഖം എല്ലാവരും വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ പതിവു പോലെ വരികള്‍ക്കിടയിലൂടെയാണ് വായിച്ചത്. ആറു മാസം മഴയും ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന സമരവും പോലുള്ള സ്ഥിരം ആവലാതികളൊക്കെ ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. എം ജി റോഡിന്റെ വടക്കേ അറ്റത്തോ മറ്റോ ഉള്ള ഒരു ജവുളി വ്യാപാരി ഉണ്ടാക്കിയ തടസ്സങ്ങളൊക്കെ നാം മറക്കേണ്ടതായതു കൊണ്ട് ഇവിടെ എടുത്തു പറഞ്ഞിട്ടില്ല.


Dont Miss കാക്കകള്‍ക്ക് കാഷ്ടിക്കാനുള്ള ഉദ്ഘാടന ശിലാഫലകത്തിലേ നിങ്ങളുടെ പേര് പതിയൂ; മെട്രോയെ ഓര്‍ക്കുക ശ്രീധരനിലൂടെയായിരിയും; മോദിയോട് ജോയ് മാത്യു


എന്നാല്‍ എടുത്തു പറയുന്ന മറ്റൊരു ലാഭക്കഥയുണ്ട് കൊച്ചി മെട്രോ യിലെന്ന കാര്യം തുറന്നു പറഞ്ഞ ശ്രീധരന്‍ സാറിന് പ്രത്യേക അഭിനന്ദനം. അത് കേരളീയര്‍ക്കു പകരം മറുനാടന്‍ തൊഴിലാളി കളെയാണ് കൂടുതലും കൂലിക്കെടുത്തതെന്ന വസ്തുതയാണ്.

കേരളീയരാകുമ്പോള്‍ 700 – 800 രൂപ ദിവസക്കൂലി വരുന്നിടത്ത് മറു നാടനാകുമ്പോള്‍ 350-400 കൊടുത്താല്‍ മതിയാകുമത്രെ. ഇതില്‍ തന്നെ പറയാതെ പോകുന്ന ഒരു കാര്യം കൂടിയുണ്ട്. അത് ഈ കണക്ക് ആണ്‍ കൂലിയുടേതാണെന്നതാണ്. പെണ്‍ കൂലിയില്‍ പെണ്ണായതു കൊണ്ടുള്ള കൂലിക്കുറവുമുണ്ടാകും, പിന്നെ നാട്ടു വിവേചനം വേറെയും.അതായത് കൊച്ചി മെട്രോ ഐക്യകേരളചരിത്രത്തില്‍ അടയാളപ്പെടാന്‍ പോകുന്നത് അടിസ്ഥാന കൂലിയിലുള്ള ഈ നാലു കൂട്ടം കൊണ്ടായിരിക്കും.


Dont Miss ‘തുടരന്വേഷണ ആവശ്യം കാരായിമാരെ രക്ഷിക്കാന്‍’; തന്റെ സഹോദരന്‍മാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും കൊല്ലപ്പെട്ട ഫസലിന്റെ സഹോദരി റംല 


മോഡി ഇരിക്കുന്ന സ്റ്റേജില്‍ ശ്രീധരന് ഇരിപ്പിടം കിട്ടാത്തതിലാണ് നമുക്ക് വേദന. ആ സദസ്സിലേക്കോ അതിന്റെ നാലയലത്തേക്കോ പ്രവേശനമില്ലാത്ത കുറച്ചധികമാളുകളേ ഒരിലച്ചീറില്‍ കേരള ഊണ് കൊടുത്ത് നാം ഒഴിവാക്കി കഴിഞ്ഞു. അവിടെ വിളമ്പിയ നാലു കൂട്ടത്തേക്കാളും മധുരവും എരിവും കയ്പ്പും ചവര്‍പ്പുമെല്ലാം നിറഞ്ഞ നാലു കൂട്ടമാണ് ഈ കൂലി വ്യവസ്ഥ.

അതിങ്ങനെയാണ്. കേരള ആണ്‍ – 700/850, മറുനാടന്‍ ആണ്‍- 350/400, കേരള പെണ്‍- 450/500, മറുനാടന്‍ പെണ്‍ – 225/250. ഇതില്‍ ലാഭിച്ച കോടികള്‍ കൊണ്ടും തികയാത്ത ലാഭക്കണക്കുകള്‍ സബ്‌സിഡി വഴി നികത്തട്ടെ. ബീഹാറില്‍ നിന്നും ബംഗാളില്‍ നിന്നും വന്നവര്‍ക്ക് ഈ കൂലി പോലും ആശ്വാസമാണ്. കാരണം അവിടെ 100ഓ 150ഓ ആയിരിക്കും ദിവസക്കൂലി. അതും വര്‍ഷത്തില്‍ മൂന്നിലൊന്നു ദിവസവും പണി ഉറപ്പുമില്ല. അപ്പോള്‍ കൊച്ചി മെട്രോ കേരളത്തിന്റെയും ഇന്ത്യയുടെയും സമകാലിക അവസ്ഥയുടെ ഒരു മിക്‌സ്ചര്‍ തന്നെ. കേരളത്തിന്റെ അഭിമാനമായ മെട്രോ മാനു മുമ്പെന്നോ കേരളത്തിലും മലയാളത്തിലും ജീവിച്ചു മരിച്ച കവി ഇടശ്ശേരി ഇപ്രകാരമെഴുതി;
മുതലാളി കാരുണ്യം വെച്ചു നീട്ടി
തൊഴിലാളി നീതിക്കായങ്കം വെട്ടി