ന്യൂദല്‍ഹി: ലണ്ടനില്‍ അടുത്ത വര്‍ഷം നടക്കുന്ന ഒളിപിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടാനുള്ള ദൃഢനിശ്ചയത്തിലാണ് ഡിസ്‌ക്കസ് ത്രൊ താരം വികാസ് ഗൗഡ. ഈയിടെ നടന്ന ലോക അത്‌ലറ്റിക് മീറ്റിന്റെ ഫൈനലില്‍ സ്ഥാനം പിടിച്ച് താന്‍ ശരിയായ ട്രാക്കിലൂടെയാണ് നീങ്ങുന്നതെന്ന് തെളിയിക്കുകയും ചെയ്തു വികാസ്.

‘കഠിന പ്രയത്‌നത്തിന്റെ ഫലമായി ഒളിംപിക്‌സിന് യോഗ്യത നേടാന്‍ സാധിച്ചു. ഇനി ഒരു മെഡല്‍. അതാണ് ലക്ഷ്യം. കഴിഞ്ഞ ജനുവരി മുതല്‍ 44 ലക്ഷം രൂപയാണ് പരിശീലനത്തിനായി ചെലവഴിച്ചത്. ഇതിനെല്ലാം ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ’. ഗൗഡ പ്രതീക്ഷ കൈവിടുന്നില്ല.

ഗൗഡയും ജിംനാസ്റ്റിക് താരം ആഷിഷ് കുമാറും കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രി അജയ് മാക്കനില്‍ നിന്നും അര്‍ജ്ജുന അവാര്‍ഡ് സ്വീകരിച്ചിരുന്നു. രാഷ്ട്ര പതി പ്രതിഭാ പാട്ടീല്‍ സമ്മാന വിതരണം നടത്തിയ ആഗസ്റ്റ് 29ന് ഇരുവര്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. യോഗ്യതാ മത്സരവുമായി ബന്ധപ്പെട്ട് ഇരുവരും ഇന്ത്യക്ക് പുറത്തായതിനാലാണ് ചടങ്ങിന് എത്താന്‍ കഴിയാതിരുന്നത്.

മൈസൂരില്‍ ജനിച്ച ഗൗഡ യു.എസിലാണ് താമസിക്കുന്നതും പരിശീലനം നടത്തുന്നതും. കഴിഞ്ഞ ആഴ്ച അവസാനിച്ച ലോക അത്‌ലറ്റിക് മീറ്റില്‍ ഗൗഡ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഏഴാം സ്ഥാനത്തെത്താനെ സാധിച്ചിരുന്നുള്ളൂ. പക്ഷെ 64.05 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌ക്കസ് വലിച്ചെറിഞ്ഞ് ഒളിപിക്‌സ് യോഗ്യതാ മാര്‍ക്ക് മറി കടക്കാന്‍ ഗൗഡക്കായി. 63 മീറ്ററാണ് ഒളിപിംക്‌സിനുള്ള ബി സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക്.

ഒരാഴ്ചത്തെ ഇന്ത്യാ വാസത്തിന് ശേഷം അമേരിക്കയിലേക്ക് തിരിക്കുമെന്നും അവിടെ മുന്‍ ലോക ചാംപ്യന്‍ ജോണ്‍ ഗോഡിനയുടെ കീഴില്‍ അരിസോനയിലെ വേള്‍ഡ് ത്രോവിങ് സെന്ററില്‍ പരിശീലനം ആരംഭിക്കുമെന്നും ഗൗഡ പറഞ്ഞു. 1990ല്‍ വികാസിന ആറ് വയസുള്ളപ്പോള്‍ അമേരിക്കയിലേക്ക് കുടിയേറിയതാണ് അച്ഛന്‍ ശിവ്.

തുടര്‍ന്ന് നോര്‍ത്ത കരോലിന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ വികാസ് കോളേജ് പഠനകാലത്താണ് ഡിസ്‌ക്കസ് ത്രോയില്‍ കൈവെക്കുന്നത്. കലാലയകാലത്ത് വിജയങ്ങള്‍ ശീലമാക്കിയ വികാസ് ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലാണ് ആദ്യമായി ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്.

ലണ്ടന്‍ ഒളിപിക്‌സിന് കൗണ്ടൗണ്‍ തുടങ്ങി കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ പരിശീലനത്തിനായി മാറ്റി വച്ച് ലോക കായികമേളയില്‍ രാജ്യത്തനായി ഒരു മെഡല്‍ നേടാന്‍ കഴിയുമെന്ന്‌ന തന്നെയാണ് വികസിന്റെ പ്രതീക്ഷ.