ന്യൂദല്‍ഹി: കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത് നിയമപ്രകാരമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സത്യാവാങ്മൂലം. ടെലിഫോണ്‍ സംഭാഷണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തായതിനെതിരെ രത്തന്‍ ടാറ്റ നല്‍കിയ ഹരജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സ്‌പെക്ട്രം വിഷയവുമായി ബന്ധപ്പെട്ടാണ് നീരാറാഡിയ രാഷ്ട്രീയക്കാരുമായും വ്യവസായികളുമായും മാധ്യമപ്രവര്‍ത്തകരുമായും നീരാറാഡിയ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത് . എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെങ്ങനെയെന്ന് അറിയില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. പുറത്തായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയാനിവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സ്‌പെക്ട്രം ഇടപാടിലെ വിവാദ നായിക നീരാറാഡിയയുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെയാണ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടാണ് റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോര്‍ത്തിയത്. അന്വേഷണ ആവശ്യങ്ങള്‍ക്ക് മാത്രമുള്ള ഈ രേഖ പരസ്യപ്പെടുത്തിയതിനെതിരെയാണ് ടാറ്റ രംഗത്തെത്തിയത്.

തന്റെ സ്ഥാപനത്തിന്റെ പബ്ലിക് റിലേഷന്‍സ് ജോലികള്‍ നിര്‍വഹിക്കുന്നത് നീരാ റാഡിയയുടെ കമ്പനിയാണ്. ഇവരുടെ ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തിയതിലൂടെ തന്റെ രഹസ്യങ്ങളിലേക്ക് കൈകടത്തുകയാണ് ചെയ്തിട്ടുള്ളതെന്നും ടാറ്റ കുറ്റപ്പെടുത്തിയിരുന്നു.

പബ്ലിക് റിലേഷന്‍ ഏജന്‍സി ഉടമയായ നീര റാഡിയ എന്‍ ഡി ടി വി യുടെ ബര്‍ക്ക ദത്തുമായും ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ബോര്‍ഡ് അംഗം വീര്‍ സാംഗ്വിയുമായുള്ള സംഭാഷണത്തിന്റെ ടേപാണ് പുറത്തുവന്നത്. 2ഏ സ്‌പെക്ട്രം വിഷയവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇന്‍കംടാക്‌സ് വകുപ്പ് ടേപ് ചോര്‍ത്തിയത്.