ന്യൂദല്‍ഹി: ദേശീയ ഭൂപരിഷ്‌കരണ നയം നടപ്പാക്കാനും ഭൂപ്രശ്‌നങ്ങളില്‍ കാര്യക്ഷമമായ നടപടികള്‍ക്കുമായി ദേശീയ ഭൂപരിഷ്‌കരണ കൗണ്‍സില്‍ ഉടച്ചുവാര്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്ന് മാസത്തിനകം ഹൈദരാബാദില്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Ads By Google

പ്രധാനമന്ത്രി അധ്യക്ഷനായ കൗണ്‍സിലില്‍ അദ്ദേഹത്തിന് പകരം കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷിനെ അധ്യക്ഷനാക്കി പുതിയ കൗണ്‍സില്‍ രൂപീകരിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. പ്രധാനമന്ത്രിയുടെ തിരക്ക് പരിഗണിച്ചാണ് അദ്ദേഹത്തെ മാറ്റി പകരം ജയറാം രമേഷിനെ അധ്യക്ഷനാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് ദേശീയ ഭൂപരിഷ്‌കരണ കൗണ്‍സില്‍ അംഗവും ഏകതാ പരിഷത്ത് ദേശീയ അധ്യക്ഷനുമായ പി.വി. രാജഗോപാല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ കാണും.

ഇന്നലെ ഭൂമി പ്രശ്‌നങ്ങളെക്കുറിച്ച് ജയറാം രമേഷും രാജഗോപാലും  ചര്‍ച്ച നടത്തിയിരുന്നു. ഭൂപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഏകതാ പരിഷത്ത് ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങാനിരിക്കുന്ന ഒരു ലക്ഷം ഭൂരഹിതരുടെ പദയാത്ര മുന്നില്‍ കണ്ടായിരുന്നു ചര്‍ച്ച.

ഈ ചര്‍ച്ചയിലാണ് ഭൂപരിഷ്‌കരണ നയത്തിന്റെ കരട് തയ്യാറാക്കാനുള്ള നടപടികള്‍ തുടങ്ങിവെക്കാന്‍ ധാരണയായത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി മുന്നോട്ടു പോവുമെന്ന് മന്ത്രി ജയറാം രമേഷ് ഉറപ്പു നല്‍കി. പാര്‍പ്പിടം അവകാശമാക്കുന്ന നിയമം നടപ്പാക്കാമെന്ന്  യോഗത്തില്‍ ജയറാം രമേഷ് സമ്മതിച്ചു. ഭവനരഹിതര്‍ക്ക് വീടുവെക്കാന്‍ ചുരുങ്ങിയത് പത്തുസെന്റ് നല്‍കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.