എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതാണ്: ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Thursday 7th June 2012 11:35am

കണ്ണൂര്‍: ചന്ദ്രശേഖരന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംരക്ഷണം നല്‍കുന്ന കാര്യം ചന്ദ്രശേഖരനുമായി സംസാരിച്ചപ്പോള്‍ ഭീരുവിനെ പോലെ ജീവിക്കാന്‍ താത്പര്യം ഇല്ലെന്നാണ് അദ്ദേഹം അറിയിച്ചത്.
ചന്ദ്രശേഖരനു ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും സംരക്ഷണം നല്‍കാത്തതില്‍ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കുറ്റക്കാരാണെന്ന ആക്ഷേപത്തിനുള്ള മറുപടിയായാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്.

ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗുഢാലോചനയില്‍ ഉള്‍പ്പെട്ടവരടക്കമുള്ള യഥാര്‍ഥ പ്രതികളെ മുഴുവന്‍ കണ്ടെത്താനാണു പോലീസ് ശ്രമിക്കുന്നത്. ഇതുകൊണ്ടാണ് അന്വേഷണം നീളുന്നതും. ഒരു ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല.

കേസുകളുടെ കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഈ സര്‍ക്കാര്‍ ഒരു കാര്യവും ചെയ്യില്ല. നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകും. പാര്‍ട്ടി കൊടുക്കുന്ന ലിസ്റ്റില്‍ പെട്ടവരെ പ്രതിയാക്കുന്ന രീതിയായിരുന്നു നേരത്തെ ഉണ്ടായിരുന്നതെങ്കില്‍ ഈ സര്‍ക്കാര്‍ അത് അവസാനിപ്പിച്ചു. അന്വേഷിച്ച് യഥാര്‍ഥ പ്രതികളെ തന്നെ കണെ്ടത്തുകയാണ് സര്‍ക്കാര്‍ നയം.

അതേസമയം പാനൂരിനടുത്ത് മൊകേരിയില്‍ കുട്ടികളുടെ മുന്നില്‍വച്ച് ക്ലാസ് മുറിയില്‍ കൊലചെയ്യപ്പെട്ട യുവമോര്‍ച്ചാ നേതാവ് കെ.ടി. ജയകൃഷ്ണന്‍ വധക്കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചാല്‍ പുനരന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisement