ന്യൂദല്‍ഹി: ജനലോക്പാല്‍ബില്ലിനായി ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തുന്ന അനിശ്ചിതകാല നിരാഹാരം ഒത്തുതീര്‍പ്പിലെത്തിയതായി സൂചന. കഴിഞ്ഞ ദിവസം ഹസാരെ സംഘവുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചില സുപ്രധാന വിഷയങ്ങളില്‍ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹസാരെ ആവശ്യപ്പട്ടതുപോലെ പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയേക്കും. അതേസമയം ബില്‍പരിധിയില്‍ ജുഡീഷ്യറിയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന കേന്ദ്ര നിര്‍ദേശം ഹസാരെ അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ സി.ബി.ഐ, സി.വി.സി എന്നിവയെ ലോക്പാലിന്റെ അന്വേഷണ ഏജന്‍സികളാക്കാനും ഹസാരെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന ലോകായുക്തകളെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാനായ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നീട്ടിവെയ്ക്കാനും സാധ്യതയുണ്ട്. ഇതിനായി പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതും പരിഗണനയിലുണ്ട്.

അതേസമയം എട്ടുദിവസം പിന്നിട്ട നിരാഹാരം ഹസാരെ ഇന്ന് പിന്‍വലിച്ചേക്കും. ഇന്ന് 3.30 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള സര്‍വ്വകക്ഷിയോഗത്തിനുശേഷം ഹസാരെ നിരാഹാരം ഔദ്യോഗികമായി പിന്‍വലിക്കും. ഹസാരെയുടെ ആരോഗ്യനില മോശമായി തുടരുകയാണ്. അതിനിടെ ആശുപത്രിയിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഹസാരെ നിരസിച്ചു.

ഹസാരെയുടെ ആരോഗ്യനിലയില്‍ താന്‍ ആശങ്കാകുലനാണെന്നും നിരാഹാരം അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഹസാരെക്ക് കത്തെഴുതിയിരുന്നു. സര്‍ക്കാരും ഹസാരെയും ഒരേ വഴിയിലാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും പ്രധാനമന്ത്രി കത്തിലൂടെ അറിയിച്ചിരുന്നു. ലോക്‌സഭാ സ്പീക്കര്‍ അനുവദിക്കുകയാണെങ്കില്‍ ഹസാരെപക്ഷം അവതരിപ്പിച്ച ജനലോക്പാല്‍ ബില്ല് പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കുമെന്നും പ്രധാമന്ത്രി കത്തില്‍ വ്യക്തമാക്കി.

തുടര്‍ന്ന് നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഹസാരെ സംഘവുമായി ചര്‍ച്ച നടത്തി. നിരാഹാരമിരുന്ന ശേഷം സര്‍ക്കാര്‍ പ്രതിനിധികള്‍ ഹസാരെ സംഘവുമായി നടത്തുന്ന ആദ്യ ചര്‍ച്ചയായിരുന്നു ഇത്. 45 മിനിറ്റിലേറെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകീട്ട് ആറരയോടെ അണ്ണാ സംഘവുമായി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്താന്‍ ധാരണയാകുകയായിരുന്നു. പ്രണബ് മുഖര്‍ജിയുടെ വസതിയില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ ഹസാരെ സംഘത്തെ പ്രതിനിധീകരിച്ച് പ്രശാന്ത് ഭുഷണും, അരവിന്ദ് കെജ്‌റിവാളും, കിരണ്‍ ബേദിയും പങ്കെടുത്തു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പ്രണബിനെക്കൂടാതെ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് എം.പിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രണ്ട് മണിക്കുര്‍ നീണ്ട ചര്‍ച്ച ഹസാരെയുടെ നിരാഹാരം അവസാനിപ്പിക്കുന്നതുമായുള്ള അന്തിമ തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു.