ന്യൂദല്‍ഹി: ഡീസല്‍, പാചകവാതകങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ധാരണയായി. ഇന്ന് വൈകിട്ട് ചേരുന്ന കേന്ദ്രമന്ത്രിസഭാഉപസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനമാകും. പാചകവാതകത്തിന് 24 രൂപയും ഡീസലിനു മൂന്നുരൂപയുമായി വര്‍ധിപ്പിക്കാനാണ് ധാരണയായത്.

ധനമന്ത്രി പ്രണബ് മുഖര്‍ജിയും പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയും തമ്മില്‍നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്. വിലവര്‍ധനയുണ്ടായാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും.

അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില 50 ശതമാനത്തിലധികം വര്‍ധിച്ച സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വീണ്ടും കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. ഇതോടൊപ്പം ക്രൂഡ് ഓയിലിന്റെയും ഡീസലിന്റെയും ഇറക്കുമതിചുങ്കം കുറയ്ക്കാനും നിര്‍ദേശമുണ്ട്.

കോടിക്കണക്കിന് രൂപ നഷ്ടം സഹിച്ചാണ് എണ്ണക്കമ്പനികള്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. ഈ നഷ്ടം നികത്താന്‍ ഡീസലിന്റെയും പാചകവാതകത്തിന്റെയുമൊക്കെ വില വര്‍ധിപ്പിക്കേണ്ടതുണ്ട്. വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍ വിലകൂട്ടാറുള്ളു.