Categories

നരേന്ദ്ര മോഡിക്ക് വധഭീഷണി

modi-speech

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ ##നരേന്ദ്ര മോഡിക്ക് വധഭീഷണി.

ഇന്ത്യന്‍ മുജാഹിദ്ദീനാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. മോഡിയുടെ റാലിക്ക് നേരെ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഖ് ഭീകരര്‍ സ്‌ഫോടനം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നും സ്‌ഫോടക വസ്തുക്കളുമായി ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.

ഭീകരര്‍ വകവരുത്താന്‍ പദ്ധതിയിട്ടവരുടെ പട്ടികയില്‍ ഒന്നാമത് മോഡിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചു. പഞ്ചാബില്‍ മോഡി നടത്തുന്ന റാലിക്കും തീവ്രവാദിയാക്രമണ ഭീഷണിയുണ്ട്.

മോഡിയുടെ സുരക്ഷ ശക്തിപ്പെടുത്താനാണ് ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം. ഇതിനനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു.

ഒക്ടോബര്‍ 27ന് പട്‌നയില്‍ മോഡിയുടെ റാലിയ്ക്കിടെയുണ്ടായ സ്‌ഫോടന പരമ്പരകളില്‍ ആറ് പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.

മോഡി പങ്കെടുക്കുന്ന ചടങ്ങിലേക്ക് എത്തുന്നവരെ ആറു തവണ പരിശോധിച്ചേ കയറ്റിവിടാവൂ എന്ന് മുന്നറിയിപ്പുണ്ട്. അവസാന പരിശോധന മോഡി എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പൂര്‍ത്തിയായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

നേരത്തെ മോഡിക്ക് എന്‍.എസ്.ജി സംരക്ഷണം നല്‍കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ ശക്തമായ സുരക്ഷയാണ് നല്‍കുന്നതെന്നും അത് തുടര്‍ന്നാല്‍ മതിയെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്.

മോഡിയുടെ സുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ മാത്രമല്ല ഗുജറാത്ത് പൊലീസും ബി.ജെ.പിയും സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tagged with: