മമത ബാനര്‍ജി- Mamata Banarjee

ന്യൂദല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി യു.പി.എ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം പാസാക്കാനൊരുങ്ങുന്നു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിലാണ് മമത ഈ നീക്കം നടത്തുക. സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനായി ഇടത് പാര്‍ട്ടികളുടേയും ബി.ജെ.പിയുടേയും സഹായം മമത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വരുന്ന വ്യാഴാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. അടുത്ത മൂന്ന് ദിവസങ്ങളില്‍ സജീവ രാഷ്ട്രീയ മാറ്റങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുമെന്ന് ചിലര്‍ കണക്ക് കൂട്ടുന്നു. മമത ബാനര്‍ജിയുടെ അവിശ്വാസ പ്രമേയത്തില്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ ബി.ജെ.പി തീരുമാനമെടുക്കുകയുള്ളൂവെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മുരളിമനോഹര്‍ ജോഷി പറഞ്ഞു.

Ads By Google

പ്രമേയം പാസാവാന്‍ ആവശ്യമായ പിന്തൂണ ലഭിച്ചില്ലെങ്കില്‍ ശ്രമം വിഫലമാകുമെന്നും അടുത്ത ആറ് മാസത്തേക്ക് സര്‍ക്കാരിന്റെ നില കൂടുതല്‍ സുരക്ഷിതമാവുമെന്നും അദ്ദേഹം പറഞ്ഞു. അഥവാ നീക്കം വിജയിച്ചാല്‍ സര്‍ക്കാര്‍ താഴെവീഴുമെന്നും അടുത്ത നീക്കം എന്തായിരിക്കണമെന്ന് നിങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമത ബനര്‍ജിക്ക് ലോക്‌സഭയില്‍ 19 എം.പി മാരുടെ പിന്തുണ മാത്രമേയുള്ളൂ. പ്രമേയം പാസാകണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 50 എം.പിമാരുടെയെങ്കിലും പിന്തുണ ആവശ്യമാണ്. ശിവസേന നേതാവ് ബാല്‍താക്കറെയുടെ അന്ത്യകര്‍മ്മത്തിന് പോയ ബി.ജെ.പി മുതിര്‍ന്ന നേതാവ് സുഷമ സ്വരാജ് തിരിച്ചെത്തിയശേഷം ഇക്കാര്യത്തിലുള്ള ബി.ജെ.പിയുടെ തീരുമാനം അറിയിക്കാമെന്ന് ജോഷി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് മമത സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. ചെറുകിട മേഖലയിലെ വിദേശനിക്ഷേപത്തില്‍ സര്‍ക്കാറിന്റെ നയത്തില്‍ പ്രതിഷേധിച്ചാണ് തൃണമൂല്‍ യു.പി.എ വിട്ടത്. പ്രതിപക്ഷ പാര്‍ട്ടികളായ ബി.ജെ.പിക്കും ഇടത് പാര്‍ട്ടികള്‍ക്കും സര്‍ക്കാറിന്റെ ഈ നയത്തില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇത് പാര്‍ലമെന്റില്‍ വോട്ടിന് വെയ്ക്കണമെന്ന് ഇടത് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയും ഈ ആവശ്യത്തെ അനുകൂലിച്ചു.

തങ്ങളുടെ പിന്തുണ പ്രമേയം പാര്‍ലമെന്റില്‍ പാസാകാന്‍ മതിയാകില്ല എന്ന് സി.പി.ഐ യുടെ മുതിര്‍ന്ന നേതാവ് ഗുരുദാസ് ദാസ്ഗുപ്ത മമതയോട് പറഞ്ഞു. നേരത്തെയുള്ള ഒരു തിരഞ്ഞടുപ്പിന് തങ്ങളുടെ പാര്‍ട്ടി തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത നാളെ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. സി.പി.ഐ.എം അവിശ്വാസ പ്രമേയത്തെ അനുകൂലിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നിയമത്തിന്റെ പിന്തുണ സര്‍ക്കാറിന്റെ ഈ തീരുമാനത്തിന് ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായമനുസരിച്ച് ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാതെ ഒരു നയവും പാസാവുകയില്ലെന്നും വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ പറഞ്ഞു.

മമതാ ബാനര്‍ജി സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിലൂടെ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് തകര്‍ക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്‍ പറഞ്ഞു. തങ്ങളുടെ ശക്തി എന്താണെന്ന് തങ്ങള്‍ മമതയ്ക്ക് കാണിച്ചുകൊടുക്കുമെന്നും ജയന്തി നടരാജന്‍ കൂട്ടിച്ചേര്‍ത്തു.

ശീതകാലത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം  പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് നടത്തിയ വിരുന്നുസല്‍ക്കാരം സര്‍ക്കാറിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു. മുലായം സിങ് യാദവും മായാവതിയും സല്‍ക്കാരത്തില്‍ പങ്കെടുത്തു.

സമാജ് വാദി പാര്‍ട്ടിയുടെ 22 എം.പിമാരും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ 21 എം.പിമാരും അടക്കം 545 ലോക്‌സഭാ സീറ്റില്‍ 300 എം.പിമാരുടെ പിന്തുണ ഇപ്പോള്‍ യു.പി.എ സര്‍ക്കാറിനുണ്ട്. വെള്ളിയാഴ്ച നടന്ന വിരുന്നില്‍ ഡി.എം.കെയുടെ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.