ബാംഗളൂര്‍: സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളുടെയും സെര്‍ച്ച് എഞ്ചിനുകളുടെയും ഉള്ളടക്കത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് കോ ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ കാര്യങ്ങള്‍ വരെ പല സോഷ്യല്‍ മീഡിയാ സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്നു. വ്യക്തിഹത്യകളും ഇതില്‍ പതിവായിരിക്കുകയാണ്. അതുകൊണ്ട് തന്നെ വ്യവസായ ലോകം സോഷ്യല്‍ മീഡിയയെ ചെറിയ രീതിയില്‍ നിയന്ത്രിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് ആഗോള പ്രശ്‌നമാണ്. സാമൂഹ്യ ചിന്താഗതികള്‍ക്കു വിരുദ്ധമായ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഓരോ രാജ്യവും വ്യത്യസ്ത രീതികളിലാണ് അതിനെ നേരിടുന്നത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകുന്ന രീതിയിലുള്ള പോസ്റ്റിംഗുകളും മറ്റും ഇന്ത്യ ഇന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍ച്ചയായും ഇവ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in English