Categories

അനധികൃത ഫണ്ടിങ്: ആം ആദ്മിക്കെതിരെ കേന്ദ്രസര്‍ക്കാറിന്റെ അന്വേഷണം

aap

ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പുതുതായി രൂപം കൊണ്ട ആം ആദ്മി പാര്‍ട്ടിക്കെതിരെ കേന്ദ്ര സര്‍ക്കാറിന്റെ അന്വേഷണ പ്രഖ്യാപനം. പാര്‍ട്ടിക്കെതിരെ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

അനധികൃതമായി പണം ലഭിക്കുന്നുണ്ടെന്ന ആരോപണത്തെതുടര്‍ന്നാണ് അന്വേഷണം. ആം ആദ്മിയുടെ വരുമാന സ്രോതസിനെ കുറിച്ച് ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വിദേശ ഫണ്ട് സ്വീകരിക്കുന്നത് മാനദണ്ഢങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.

അതേസമയം  പാര്‍ട്ടിക്കെതിരായ അന്വേഷണം സ്വാഗതം ചെയ്യുന്നതായി ആം ആദ്മി പാര്‍ട്ടി വക്താക്കള്‍ പ്രതികരിച്ചു. തങ്ങളുടെ ഫണ്ട് സുതാര്യമാണെന്നും വിശദ വിവരങ്ങള്‍ പാര്‍ട്ടി വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ അന്വേഷണ പ്രഖ്യാപനം.

19 കോടി രൂപ സംഭാവനയായി ലഭിച്ചതായി അടുത്തിടെ പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സമൂഹത്തിലെ നാനാതുറയിലും പെട്ട പാര്‍ട്ടി അനുയായികളായ 63,000 പേരില്‍ നിന്നാണ് ഇത്രയും വലിയ തുക സംഭാവനയായി ലഭിച്ചതെന്നാണ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത പറഞ്ഞത്.

ദല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പായി 20 കോടി രൂപ കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tagged with: