ന്യൂദല്‍ഹി: സുരക്ഷ കണക്കിലെടുത്ത് ത്രി ജി സേവനങ്ങള്‍ കേന്ദ്രം താല്‍ക്കാലികമായി നിരോധിച്ചേക്കുമെന്ന് സൂചന. ഇത്തരം സേവനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഉപകരിക്കുന്ന സംവിധാനം തയ്യാറാക്കുന്നതുവരെ പുതിയവ പുറത്തിറക്കരുതെന്ന് സേവനദാതാക്കളോട് കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ എന്നിവയ്ക്കുപുറമേ ടാറ്റ, റിലയന്‍സ് എന്നിവയും ത്രിജീ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഈവര്‍ഷാവസാനത്തോടെ ഭാരതി എയര്‍ടെല്ലും ത്രീ ജി രംഗത്തേക്ക് കടക്കുമെന്നാണ് സൂചന. ഈയവസരത്തിലാണ് സുരക്ഷയുടെ പേരില്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നത്.

സുരക്ഷ കണക്കിലെടുത്ത് വീഡിയോ-കോളിംഗ് സേവനം നിര്‍ത്തിവയ്ക്കാന്‍ ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ സേവനങ്ങള്‍ താല്‍ക്കാലികമായെങ്കിലും നിരോധിക്കുന്നത് കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ മേയില്‍ നടന്ന ത്രി ജി ലേലത്തിലൂടെ 67,000 കോടിയാണ് കേന്ദ്രത്തിന് ലഭിച്ചത്. തങ്ങളുടെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി വേറെയും കോടികള്‍ കമ്പനികള്‍ക്ക് ചിലവഴിക്കേണ്ടി വന്നു. കടുത്ത മല്‍സരത്തെത്തുടര്‍ന്ന് വിലകുറച്ച് ത്രി ജി സേവനങ്ങള്‍ വിപണിയിലിറക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.