ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. അടിസ്ഥാന വില ഇരട്ടിയോളം കൂട്ടി ഉള്ളി കയറ്റുമതി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര മന്ത്രിസമിതിയുടെ മീറ്റിംഗില്‍ തീരുമാനമായി.

ക്വിന്റലിന് 475 ഡോളര്‍ അടിസ്ഥാനവില നിശ്ചയിച്ച് ഉള്ളി കയറ്റുമതി ചെയ്യാനാണു ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയില്‍ ധാരണയായത്. നിലവിലുള്ള അടിസ്ഥാന വില 250 ഡോളറായിരുന്നു. ധനമന്ത്രിയെ കൂടാതെ കേന്ദ്ര കൃഷി മന്ത്രി ശരത് പവാറും ഭക്ഷ്യമന്ത്രി കെ.വി.തോമസ് തുടങ്ങിയവരും മീറ്റിംഗില്‍ പങ്കെടുത്തു.

രണ്ടാഴ്ചയിലൊരിക്കല്‍ കയറ്റുമതിനയം പുനപ്പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. വില കൂടുകയാണെങ്കില്‍ വീണ്ടും കയറ്റുമതി നിരോധനം വന്നേക്കാം. രാജ്യത്തെ പ്രധാന ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്നാണ് കയറ്റുമതി വിലക്കിയ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിറകോട്ട് പോയത്.

കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്ന് അഭ്യന്തര വിപണിയില്‍ ഉള്ളിയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. ദില്ലിയില്‍ കിലോക്ക് രണ്ട് രൂപ മുതല്‍ അഞ്ച് രൂപ വരെ വിലയില്‍ കുറവുണ്ടായിരുന്നു