ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷ നിയമപരമായ അവകാശമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭക്ഷ്യസുരക്ഷാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭക്ഷ്യമന്ത്രി കെ.വി തോമസാണ് ബില്‍ അവതരിപ്പിച്ചത്. രാജ്യത്തെ 1.2 ലക്ഷം കോടി ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്‍.

ഇന്ത്യയിലെ ജനങ്ങളെ അഭിമാനത്തോടെ ജീവിതം നയിക്കാന്‍ ഈ ബില്‍ പ്രാപ്തരാക്കുമെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

Subscribe Us:

ദരിദ്ര കുടുംബങ്ങള്‍ക്കു പ്രതിമാസം 35 കിലോ അരിയും ഗോതമ്പും കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുമെന്നതാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. ഒരു കിലോ അരിക്ക് മൂന്നു രൂപയും, ഗോതമ്പിന് രണ്ടുരൂപയും പയര്‍വര്‍ഗങ്ങള്‍ക്ക് ഒരു രൂപയുമാണ് ഈടാക്കുക. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ താങ്ങുവിലയുടെ പകുതി നല്‍കണം. ബില്‍ നിയമമാകുന്നതോടെ ഭക്ഷണം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമാകും. പദ്ധതി നടപ്പാക്കാന്‍ 6.2 കോടിയോളം ടണ്‍ ധാന്യമാണു വേണ്ടിവരിക. സര്‍ക്കാരിന്റെ പക്കല്‍ ഇതിനു വേണ്ട ധാന്യശേഖരമുണ്ടെന്നു കെ.വി. തോമസ് പറഞ്ഞു. രണ്ടു വര്‍ഷത്തിനകം ഗോഡൗണുകളുടെ സംഭരണശേഷി എട്ടുകോടി ടണ്ണാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആറ് മാസം മുതല്‍ ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്ന പരിപാടി വ്യാപിപ്പിക്കാന്‍ 20,000 കോടി രൂപ കേന്ദ്രം ചെലവാക്കും. ഗര്‍ഭിണികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ആറ് മാസം സാമ്പത്തികസഹായം നല്‍കുന്ന പരിപാടിക്ക് കേന്ദ്രവിഹിതമായി 14,512 കോടി രൂപ ചെലവിടും. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. അശരണര്‍ക്കുള്ള സൗജന്യഭക്ഷണം, ദുരിതാശ്വാസം, പട്ടിണിമേഖലയിലെ സൗജന്യഭക്ഷണം തുടങ്ങിയവയ്ക്ക് 8,920 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് വിഹിതമായി നല്‍കും. ഒരു വര്‍ഷം 20 ദശലക്ഷം ടണ്‍ മുതല്‍ 25 ദശലക്ഷം ടണ്‍വരെ ധാന്യം കൂടുതലായി സംഭരിക്കാന്‍ 22,120 കോടി രൂപയും കേന്ദ്രം ചെലവിടും. ദേശീയ ഭക്ഷ്യ കമ്മീഷന് കേന്ദ്രം ആറ് കോടി രൂപ ചെലവഴിക്കുമ്പോള്‍ സംസ്ഥാന കമ്മീഷനുകള്‍ക്ക് സംസ്ഥാനങ്ങള്‍ 460 കോടി രൂപ ചെലവിടണം. അധിക ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്രം പ്രത്യേകമായി 8,300 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കും.

ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പ്രാഥമിക രൂപരേഖ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമാണ് 2004 ജൂണില്‍ മുന്നോട്ടുവച്ചത്. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ സ്വപ്‌ന പദ്ധതിയായ ബില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഞായറാഴ്ച അംഗീകരിച്ചിരുന്നു.

Malayalam news

Kerala news in English