എഡിറ്റര്‍
എഡിറ്റര്‍
വിലക്കയറ്റം നേരിടാന്‍ സബ്‌സിഡി നിരക്കില്‍ കൂടുതല്‍ അരി
എഡിറ്റര്‍
Tuesday 29th January 2013 9:30am

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ച് ഉയരുന്ന വിലക്കയറ്റം നേരിടാന്‍ സബ്‌സിഡി നിരക്കില്‍ കൂടുതല്‍ അരി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റേഷന്‍കടകള്‍, സപ്ലൈകോ ബസാറുകള്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ വഴിയാണ് അരി കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുക.

Ads By Google

വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 50 കോടിയും കണ്‍സ്യൂമര്‍ ഫെഡിന് 25 കോടി രൂപയും അനുവദിച്ചതായി മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

അഞ്ചുവിഭാഗങ്ങളായി തിരിച്ച് റേഷന്‍ കടകള്‍ വഴിയാണ്  അരി വിതരണം ചെയ്യുക . കേന്ദ്രം അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരി (1.60 ലക്ഷം ടണ്‍) നാലുമാസത്തേക്ക് ഇങ്ങനെ വിതരണം ചെയ്യും.

റേഷന്‍ കാര്‍ഡ് ഹാജരാക്കുന്ന  എല്ലാ വിഭാഗക്കാര്‍ക്കും എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ  സപ്ലൈകോ വഴി 20 കിലോ അരി നല്‍കും. 16 രൂപയ്ക്ക് മട്ടയും 19 രൂപയ്ക്ക് കുറുവയും 21 രൂപയ്ക്ക് ജയ അരിയുമാണ് കൊടുക്കുക.കൂടാതെ പൊതുവിപണിയില്‍ ഇടപെടുന്നതിനുള്ള പ്രത്യേക പദ്ധതി പ്രകാരം ലഭിച്ച അരി 15 കിലോവരെ 19 രൂപയ്ക്ക് ബോയില്‍ഡ് റൈസും 21 രൂപയ്ക്ക് എ ഗ്രേഡ് അരിയും വാങ്ങാം.

ഇതിന് പുറമേ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് ആഴ്ചയില്‍ 6 കിലോ വീതം മട്ട, ജയ, കുറുവ, പച്ചരി എന്നിവ സപ്ലൈകോ വിലയ്ക്ക് എല്ലാവര്‍ക്കും നല്‍കും.

അതേസമയം ബി.പി.എല്‍ കാര്‍ഡില്ലാത്ത ബി.പി.എല്‍ പട്ടികയിലുള്ള 11.80 ലക്ഷം കാര്‍ഡുകാര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന കിലോയ്ക്ക് 2 രൂപ നിരക്കില്‍ 9 കിലോ അരിയും രണ്ടു രൂപ നിരക്കില്‍ 7 കിലോ ഗോതമ്പിനും പുറമേ സ്‌പെഷ്യല്‍ അലോട്ട്‌മെന്റായി 6.20 രൂപ നിരക്കില്‍ 19 കിലോ അരിയും 4.70 രൂപ നിരക്കില്‍ ആറ് കിലോ ഗോതമ്പും കിട്ടും.

ആര്‍ക്കും ഒരു തരത്തിലുമുള്ള പരാതികള്‍ ഇല്ലാത്ത വിധത്തിലായിരിക്കും പൊതു വിപണിയില്‍ സര്‍ക്കാര്‍ ഇടപെയുകയെന്ന്് യോഗത്തിന് ശേഷം മുഖ്യമന്ത്രി വിശദീകരിച്ചു. കൂടാതെ അവശ്യ സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് വഴിയും സിവില്‍സപ്ലെയ്‌സ് കോര്‍പ്പറേഷന്‍ വഴിയും വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാറിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും.

കൂടാതെ വിപണി ഇടപടല്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമാക്കും.
ധനകാര്യ, സിവില്‍ സപ്ലൈസ്, സഹകരണം, കൃഷി എന്നീ വകുപ്പുകളുടെ തലവന്മാരുമായും മറ്റു ഉദ്യോഗസ്ഥന്മാരുമായും ചര്‍ച്ച ചെയ്തതിന് ശേഷമാകും  ചീഫ് സെക്രട്ടറി  ഇതിന് വേ്ണ്ട റിപ്പോര്‍ട്ട് തയാറാക്കുക.

Advertisement