തിരുവനന്തപുരം: അനിശ്ചിതകാലത്തേക്ക് സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്നാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്.

ഡോക്ടര്‍മാരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന കാര്യം അവരെ ബോധ്യപ്പെടുത്തിയതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 28 ന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഈ മാസം 30 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കെയാണ് ചര്‍ച്ച നടത്തിയത്. മുന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നതുപോലെ സ്‌പെഷല്‍ പേ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുക, സ്‌പെഷാലിറ്റി അലവന്‍സുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സ്‌പെഷല്‍ പേയുടെ 76 ശതമാനം മാത്രം അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ ഭാഗികമായി മാത്രം അംഗീകരിച്ച നടപടിക്കെതിരെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ സ്‌പെഷല്‍ ഒ.പി ബഹിഷ്‌കരണ സമരം നടത്തിവരികയാണ്.