ന്യൂഡല്‍ഹി: ആണവബാധ്യതാബില്ലില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചു. ബില്ലിലെ വിവാദമായ ചില വകുപ്പുകളില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കായി ബില്‍ സഭയില്‍വച്ചത്. ആണവദുരന്തം ഉണ്ടായാല്‍ സേവനദാതാക്കളായ വിദേശ കമ്പനികളെ ഉത്തരവാദിത്വത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് പ്രതിപക്ഷം നിര്‍ദേശിക്കുന്ന ഭേദഗതി. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക ഭേദഗതി സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരും. എന്നാല്‍, ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങും പ്രതിഷേധം തുടരുമെന്നാണ് കരുതുന്നത്.

പ്രതിപക്ഷത്തിന് പുറമേ ഭരണപക്ഷത്തിലെ പ്രമുഖരായ എന്‍.സി.പി കൂടി ബില്ലിനെതിരേ രംഗത്തുവന്നത് കോണ്‍ഗ്രസ്സിനു തലവേദന സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷ കക്ഷികളെക്കൂടി വിശ്വാസത്തിലെടുത്തുവേണം ബില്‍ പാസ്സാക്കാനെന്ന് എന്‍.സി.പി. നേതാവും കേന്ദ്രമന്ത്രിയുമായി ശരദ്പവാര്‍ ചൊവ്വാഴ്ച ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയ 18 ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ച ബില്‍ മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. എന്നാല്‍ നവീകരിച്ച ബില്‍ കൂടുതല്‍ വിവാദമാവുകയാണ് ചെയ്തത്. വിവാദത്തിനു കാരണമായ വാക്ക് ബില്ലില്‍ നിന്ന് ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സേവനദാതാക്കള്‍ക്ക് മേല്‍ കര്‍ക്കശ നിബന്ധനകള്‍വച്ചാല്‍ ഈ രംഗത്തേക്ക് വരാന്‍ അവര്‍ മടിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വാദം. പുതിയ നിയമം ഇക്കാര്യത്തില്‍ മുന്‍കാല പ്രാബല്യത്തോടെ വന്നാലുള്ള അനന്തരഫലങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ആണവ ബാധ്യത ബില്ലിനെ എതിര്‍ത്തുകൊണ്ട് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പാര്‍ലമെന്റിനു മുന്നില്‍ സമരം നടത്തിയിരുന്നു. അതില്‍ ആറു പ്രവര്‍ത്തകരെ പേലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.