പാലക്കാട്: നെല്ലിയാമ്പതിയില്‍ അനധികൃതമായി കൈയേറിയ വനഭൂമി തിരിച്ചുപിടിക്കാന്‍  കലക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഉത്തരവിട്ടു.

നെല്ലിയാമ്പതിയില്‍ 3,168 ഏക്കര്‍ വനഭൂമിയാണ് കേരള പാട്ടക്കരാര്‍പുതുക്കല്‍ നിയമലംഘനത്തിലൂടെ കൈയേറിയിരിക്കുന്നത്. പ്രദേശംവ്യാജരേഖ ചമച്ച് പലതവണ കൈമാറ്റം ചെയ്യുകയും കെട്ടിടനിര്‍മ്മാണങ്ങള്‍ നടത്തിയതിന്റെയും അടിസ്ഥാനത്തിലാണ്  കലക്ടറുടെ നടപടി.

നെല്ലിയാമ്പതിയിലുള്ള 48 എസ്റ്റേറ്റുകളില്‍ ഭൂരിഭാഗവും 99 വര്‍ഷത്തേക്ക് സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ വനഭൂമിയാണ്. 1,300 രൂപ തോതില്‍ വര്‍ഷംതോറും നല്‍കുന്ന പാട്ടത്തുക ഗ്രാന്റ്‌സ് ആന്റ് ലീസസ് മോഡിഫിക്കേഷന്‍ നിയമപ്രകാരം പുതുക്കിനിശ്ചയിക്കാനുള്ള അധികാരം ജില്ലാ  കലക്ടര്‍ക്കാണ്. ഇതിനായി ഓരോ വര്‍ഷവും എസ്‌റ്റേറ്റ് ഉടമകള്‍ ഡി.എഫ്.ഒ മുഖേന  കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഇത്തവണ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചപ്പോഴാണ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ഡി.എഫ്.ഒ യുടെ നിര്‍ദേശപ്രകാരം പാട്ടത്തുക പുതുക്കിനല്‍കുന്നതിനു പകരം ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി കലക്ടര്‍ സ്വീകരിക്കുകയായിരുന്നു.

കാരപ്പാറ എ ആന്റ് ബി എസ്റ്റേറ്റ്, അലക്‌സാണ്‍ഡ്രിയ, ബ്രൂക്ക്‌ലാന്റ്, രാജാക്കാട്, ഷെര്‍നെല്ലി ലോവര്‍, മാങ്കോട്, മീരാഫ്‌ളോര്‍സ് തുടങ്ങിയ എസ്‌റ്റേറ്റുകള്‍ക്കെതിരെയാണ് നടപടി.