തിരുവനന്തപുരം: അഴിമതിരഹിതഭരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍. അതിവേഗം ബഹുദൂരം എന്ന രീതിയിലാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോവുകയെന്ന് നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ വ്യക്തമാക്കി.

മൂലമ്പിള്ളി, എന്‍ഡോസള്‍ഫാന്‍ നടപടികള്‍ സര്‍ക്കാരിന്റെ വേഗതയാണ് കാണിക്കുന്നത്. അടിസ്ഥാനസൗകര്യവികസനത്തിനാണ് മുഖ്യപരിഗണന നല്‍കുന്നത്. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം വിഴിഞ്ഞം പദ്ധതി എന്നിവയ്ക്ക് മുന്‍ഗണന.

കാര്‍ഷികമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി പച്ചക്കറികള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ജൈവകീടനാശിനികളെ പ്രോല്‍സാഹിപ്പിക്കും.

കുറ്റകൃത്യങ്ങള്‍ നിയന്ത്രിച്ച് സാമൂഗ്യസുരക്ഷ ഉറപ്പുവരുത്തും. മാത്രമല്ല കൂടുതല്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും.

കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കും. പോലീസ് സേനയിലെ ക്രിമിനലുകളെ ചോദ്യം ചെയ്യും. സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളെ ഗൗരവമായി കണക്കിലെടുക്കും.

അനധികൃത മണിച്ചെയിന്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടിയെടുക്കും. പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവല്‍കരിക്കില്ല.

വയനാട്ടില്‍ ആദിവാസി പഠനഗവേഷണകേന്ദ്രം ആരംഭിക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കും. കേപിന്റെ കീഴില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും.

ലോട്ടറി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രപദ്ധതി കൊണ്ടുവരും.

തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മലയാളസര്‍വകലാശാല ആരംഭിക്കും.

എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വികസനത്തിനായി ഒന്നും ചെയ്തില്ല. കഴിഞ്ഞ മൂന്നു വര്‍ഷം കേരളത്തിലെ ക്രമസമാധാനനില മോശമായിരുന്നു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷികരംഗത്ത് ഇടിവുണ്ടായി. കുട്ടനാട് പാക്കേജ് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനായില്ല.

അഴിമതിയും കെടുകാര്യസ്ഥതയുമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ മുഖമുദ്ര. കഴിഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്തെ 77,900 കോടി കടക്കെണിയിലാക്കി. ധനക്കമ്മി 6911 കോടിയായും റെവന്യൂ കമ്മി 4520 കോടിയായും ഉയര്‍ന്നു.

അതേസമയം നിയമസഭയില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം പ്രതിഷേധം നടത്തി.കുറ്റാരോപിതരായ മന്ത്രിമാരെ ഒഴിവാക്കണമെന്നാവശ്യവുമായാണ് പ്രതിഷേധം നടത്തിയത്.