Categories

എമേര്‍ജിങ് കേരള: സര്‍ക്കാര്‍ പിന്നോട്ട്, നാല് പദ്ധതികള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്ന് എമേര്‍ജിങ് കേരളയില്‍ നിന്നും  നാല് പദ്ധതികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ടൂറിസം വകുപ്പ് നിര്‍ദേശിച്ച നാല് പദ്ധതികളാണ് പിന്‍വലിച്ചത്. വാഗമണ്‍, നെല്ലിയാമ്പതി, ധര്‍മടം, ഇലവീഴാപൂഞ്ചിറ എന്നീ പദ്ധതികളാണ് പിന്‍വലിച്ചത്. ചീഫ് സെക്രട്ടറി പരിശോധിച്ചശേഷമാണ് ഈ പദ്ധതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Ads By Google

ഈ പദ്ധതികള്‍ എമേര്‍ജിങ് കേരളയുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എമര്‍ജിങ് കേരളയില്‍ നേരത്തെ തീരുമാനിച്ചിരുന്ന ചില പദ്ധതികളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ചീമേനി താപവൈദ്യുത നിലയത്തിനുവേണ്ടി നല്‍കുന്ന ഭൂമി 200 ഏക്കറായി പരിമിതപ്പെടുത്തി. നേരത്തെ 1621 ഏക്കര്‍ ഭൂമിയായിരുന്നു പദ്ധതിക്കുവേണ്ടി നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം 15 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള പദ്ധതിയും ഒഴിവാക്കി.

എമേര്‍ജിങ് കേരളയുടെ ഭാഗമായി നെല്ലിയാമ്പതിയിലെയും വാഗമണിലെയും വനഭൂമി സ്വകാര്യ ടൂറിസം ലോബിക്ക് കൈമാറാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടായിരുന്നു. നെല്ലിയാമ്പതിയില്‍ കൃഷിവകുപ്പിന് കീഴില്‍ ഓറഞ്ച് ഫാം നടത്തിയിരുന്ന വനഭൂമിയാണ് നിയമവിരുദ്ധമായി ടൂറിസം വകുപ്പ് വഴി സ്വകാര്യ ടൂറിസം കമ്പനികള്‍ക്ക് കൈമാറാന്‍ പദ്ധതിയിട്ടിരുന്നത്.

വാഗമണില്‍ ടൂറിസം വകുപ്പിന്റെ കൈയിലുള്ള 100 ഏക്കറില്‍ ഗോള്‍ഫ് കോഴ്‌സും എക്കോ റിസോര്‍ട്ടും തുടങ്ങാനായിരുന്നു പദ്ധതി. മറ്റൊരു 50 ഏക്കറില്‍ സാഹസിക സ്‌പോര്‍ട്‌സ് കേന്ദ്രത്തിനും പദ്ധതി തയാറാക്കിയിരുന്നു. ഇത് വിവാദമായപ്പോള്‍ പദ്ധതിക്കെതിരെ എം.എല്‍.എമാരായ വി.ഡി സതീശനും ടി.എന്‍ പ്രതാപനും രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് വിവാദമായ പദ്ധതികള്‍ പിന്‍വലിക്കാന്‍ വ്യവസായ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇടുക്കി ജില്ലയിലെ ഇലവീഴാപ്പൂഞ്ചിറയില്‍ നൂറ് കോടി ചെലവില്‍ 40 മുറികളുള്ള ഇക്കോറിസോര്‍ട്ട് ആരംഭിക്കാനും പദ്ധതിയുണ്ടായിരുന്നു.

Tagged with: