എഡിറ്റര്‍
എഡിറ്റര്‍
എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കില്ല: ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഭരണമാറ്റം ഉണ്ടാകുമെന്ന് കോടിയേരി
എഡിറ്റര്‍
Wednesday 6th November 2013 10:13am

kodiyeri580

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ പേരുദോഷമുണ്ടാക്കി ഭരണമാറ്റത്തിനില്ലെന്നും കോടിയേരി പറഞ്ഞു.

യു.ഡി.എഫിലെ ചില കക്ഷികള്‍ അതൃപ്തരാണ്. തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫില്‍ തന്നെ ഭിന്നതയുണ്ടാകും. ചരിത്രം അതാണ് തെളിയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

നിലവില്‍ എല്‍.ഡി.എഫിന് 67 എം.എല്‍.എ മാരാണുള്ളത്. യു.ഡി.എഫിനേക്കാള്‍ നാല് എം.എല്‍.എമാരുടെ കുറവുണ്ട്. എന്നാല്‍ എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് ഭരണമാറ്റത്തിന് ഞങ്ങളില്ല.

എം.എല്‍.എമാരെ തീരുമാനിക്കുന്നത് ജനങ്ങളാണ്. അപ്പോള്‍ മാറ്റം വരേണ്ടത് ജനങ്ങള്‍ക്കാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ജനങ്ങളില്‍ ആ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്

ഉമ്മന്‍ ചാണ്ടിക്ക് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. എ.കെ ആന്റണിയേയും കെ.കരുണാകരനേയും അഞ്ച് വര്‍ഷം തികച്ച് ഭരിക്കാന്‍ സമ്മതിക്കാത്തവര്‍ ഉമ്മന്‍ ചാണ്ടിയേയും അതിന് അനുവദിക്കില്ല.

ഉമ്മന്‍ ചാണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയാണ്. പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുടുക്കുക എന്നത് അന്ന് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യമായിരുന്നു.

ആന്റണിയോട് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ഇന്നലെയുണ്ടായ കോടതി വിധി കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണെന്നും കോടിയേരി പറഞ്ഞു.

ലാവ്‌ലിന്‍ വിഷയത്തില്‍ മുന്‍ നിലപാട് വി.എസ് തള്ളിയതിനാല്‍ തന്നെ കൂടുതല്‍ വിവാദത്തിനില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്ത് പകര്‍ന്ന നേതാവാണ് വി.എസ് എന്നും കോടിയേരി പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു കോടിയേരി.

Advertisement