തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളയുടെ ശിക്ഷാ കാലാവധി നീളുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമപരിഷ്‌കരണത്തിനൊരുങ്ങുന്നു. ഒരു വര്‍ഷം അനുവദിക്കാവുന്നതിലുമധികം പരോള്‍ ലഭിച്ചതിനാല്‍ പിള്ളയുടെ ശിക്ഷാകാലാവധി നീട്ടണമെന്ന ജയില്‍ നിയമം പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. പരോള്‍ ശിക്ഷാകാലമായി പരിഗണിക്കണമെന്ന് പിള്ള സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നിയമപ്രകാരം ഒരു വര്‍ഷം 45 ദിവസത്തെ പരോളാണ് ഒരാള്‍ക്ക് ലഭിക്കുക. ഇതില്‍ കൂടുതല്‍ ദിവസം പരോള്‍ ലഭിക്കുകയാണെങ്കില്‍ ശിക്ഷാകാലാവധി നീട്ടാന്‍ അധികാരമുണ്ട്. മൂന്ന് പ്രാവശ്യമായി 75 ദിവസത്തെ പരോളാണ് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചത്.

പരോള്‍ കാലാവധി കഴിഞ്ഞപിള്ള ഇപ്പോള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഫൈവ് സ്റ്റാര്‍ സൗകര്യത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ബാലകൃഷ്ണപിള്ളയുടെ മകള്‍ ബിന്ദുവിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചത്. ലക്ഷത്തിലൊരാള്‍ക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച പിള്ളക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിന്ദു ജയില്‍വകുപ്പിന് കത്ത് നല്‍കിയിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ സ്വന്തം ചിലവില്‍ ചികിത്സിക്കാമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഈ കത്ത് ജയില്‍ വകുപ്പ് സര്‍ക്കാരിന് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കിയത്.

അതിനിടെ പ്രായാധിക്യത്തിന്റെ പേരില്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് പിള്ള സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.