ന്യൂദല്‍ഹി: അഴിമതി നിര്‍മ്മാര്‍ജനത്തിനായുള്ള ലോക്പാല്‍ ബില്‍  ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രിയെയും ഉന്നത നീതി പീഠത്തെയും ഒഴിവാക്കിക്കൊണ്ടുള്ള ബില്ലാണ് സഭയുടെ പരിഗണനയ്ക്കായി എത്തിയത്.

ബില്ലിനെതിരെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ശക്തമാണ്. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അറിയിച്ചു.

അതിനിടെ ലോക്പാല്‍ ബില്‍ ദുര്‍ബലമാണെന്ന് പറഞ്ഞ് അണ്ണാ ഹസാരെ സംഘം ബില്‍ കത്തിച്ചു. ശക്തമായ ലോക്പാല്‍ ബില്‍ എന്ന ആവശ്യമുയര്‍ത്തി ആഗസ്റ്റ് 16ന് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ബില്‍ ഇന്ന് അവതരിപ്പിച്ചത്. എം.പിമാര്‍, ഗ്രൂപ്പ് എ ഉദ്യോഗസ്ഥര്‍, തുടങ്ങിയവരും പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ പരിധിയിലുള്ള ബോര്‍ഡ്, അതോറിറ്റി, കോര്‍പ്പറേഷന്‍, ട്രസ്റ്റ് സൊസൈറ്റി, സ്വയംഭരണ സ്ഥാപനം തുടങ്ങി വിവിധ സമിതികളില്‍ പ്രവര്‍ത്തിക്കുന്നവരും ജീവനക്കാരും ബില്ലിന്റെ പരിധിയിലുണ്ട്.

ആസ്തി വെളിപ്പെടുത്തിയില്ലെങ്കില്‍ അഴിമതിക്കേസില്‍ വിചാരണ നേരിടേണ്ടിവരുമെന്നാണ് ബില്ലിന്റെ വ്യവസ്ഥ. അഴിമതിക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ടം 197 പ്രകാരം ആരുടെയും അനുമതി കൂടാതെ വിചാരണാ നടപടികളെടുക്കാന്‍ ലോക്പാലിന് അധികാരമുണ്ടാകും.