Categories

ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍ഷിപ്പ്- ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടും: മാക്കന്‍

ന്യൂദല്‍ഹി:  2012 ലണ്ടന്‍ ഒളിമ്പിക്‌സ് ഡൗ കെമിക്കല്‍സ് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്ന പ്രശ്‌നം ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് കായികമന്ത്രി അജയ് മാക്കന്‍. ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് മുമ്പില്‍ വിഷയം ഉന്നയിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് കായികമന്ത്രാലയം  കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ഇപ്പോള്‍ അസോസിയേഷന് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ ഈ പ്രശ്‌മെന്നും കായികമന്ത്രി പറഞ്ഞു.

‘ പക്ഷെ ആവശ്യം വന്നാല്‍ സര്‍ക്കാര്‍ നേരിട്ട് ഇക്കാര്യത്തില്‍ ഇടപെടും.’ അദ്ദേഹം വ്യക്തമാക്കി.

1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ഡൗ കെമിക്കല്‍സ് 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് സ്‌പോണ്‌സര്‍ ചെയ്യുന്നതാണ് വിവാദമായത്. കഴിഞ്ഞ ജൂലൈയിലാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ഡൗ കെമിക്കല്‍സുമായി എഗ്രിമെന്റ് ഒപ്പിട്ടത്. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സ്‌റ്റേഡിയത്തിന് ചുറ്റും തുണി കൊണ്ട് പൊതിയുവാനുള്ള കരാറാണ് ഡൗ കെമിക്കല്‍സ് നേടിയിരിക്കുന്നത്. ഏഴ് മില്യന്‍ ബ്രിട്ടീഷ് പൗണ്ട് ആണ് സ്‌പോണ്‍സര്‍ഷിപ്പ് തുക.

ലണ്ടന്‍ ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള അവസരം ഡൗ കെമിക്കല്‍സിന് നല്‍കരുതെന്നാവശ്യപ്പെട്ട് ലോക പ്രശസ്ത എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ നോം ചോംസ്‌കി അടക്കമുള്ളവര്‍ ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടക സമിതി അദ്ധ്യക്ഷന്‍ ലോര്‍ഡ് സെബാസ്റ്റ്യന്‍ കോയക്ക് എഴുത്തെഴുതിയിരുന്നു.

പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ ഡൗ കെമിക്കല്‍സ് ലണ്ടനില്‍ അടുത്തവര്‍ഷം നടക്കുന്ന ഒളിമ്പിക്‌സിന്റെ മുഖ്യസംഘാടകരായതില്‍ പ്രതിഷേധം ഉണ്ടെങ്കിലും ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിലും മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള 22 ഹോക്കി താരങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ ഇതേ ആവശ്യം അസോസിയേഷനു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ഹോക്കിയില്‍ 14 ഒളിമ്പിക്‌സ് താരങ്ങളേയും 36 ഇന്റര്‍നാഷണല്‍ കളിക്കാരേയും സംഭാവന ചെയ്ത നഗരമാണു ഭോപ്പാല്‍ എന്ന് ചൂണ്ടിക്കാട്ടിയ ഇവര്‍. സലിം അബ്ബാസിയെപ്പോലുള്ള ഒളിമ്പിക് താരത്തിന്റെ കായികജീവിതം അവസാനിപ്പിക്കാന്‍ കാരണമായത് ഭോപ്പാല്‍ ദുരന്തമാണെന്നും വ്യക്തമാക്കിയിരുന്നു.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.