എഡിറ്റര്‍
എഡിറ്റര്‍
ഉത്തര്‍പ്രദേശില്‍ മുസ്ലിം വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍വെ
എഡിറ്റര്‍
Saturday 4th January 2014 1:35am

MUSLIMS-IN-UP

ലഖ്‌നൗ: സംസ്ഥാനത്തെ മുസ്‌ലിം വിഭാഗങ്ങളുടെ ജീവിത നിലവാരവും ആവശ്യങ്ങളും പഠിക്കാന്‍ സര്‍വെ നടത്താന്‍ തീരുമാനിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

മള്‍ട്ടി സെക്ടറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (MSDP)കീഴില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് സര്‍വെക്ക് നേതൃത്വം നല്‍കുന്നത്.

ന്യൂനപക്ഷങ്ങള്‍ അധികമുള്ള 144 കേന്ദ്രങ്ങളിലായിരിക്കും സര്‍വെ നടത്തുക. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി നടത്തുന്ന സര്‍വെ അവിടങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ എം.എസ്.ഡി.പിക്ക് കീഴില്‍ ഇന്ദിര ആവാസ് യോജന പ്രകാരം കെട്ടിടങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും സ്‌കൂളുകള്‍, അങ്കണവാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അഴുക്ക്ചാലുകള്‍, റോഡുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ട്.

സര്‍വെക്കായി സര്‍ക്കാര്‍ 3.5ലക്ഷം അനുവദിച്ചതായും സര്‍വെ നടത്തുന്നതിനുള്ള ഏജന്‍സിയെ പിന്നീട് ലേല നടപടികളിലൂടെ തീരുമാനിക്കുമെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദാവേസ് ചതുര്‍വേദി പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സര്‍വെ ഗുണം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇത് ന്യൂനപക്ഷ വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ നീക്കമാണെന്ന രാഷ്ട്രീയ എതിരാളികളുടെ വാദം ശരിയല്ലെന്നും മറിച്ച് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത് മുസ്ലിം വിഭാഗത്തിന്റെ അനുകമ്പ നേടി തങ്ങള്‍ക്ക് നഷ്ടമായ മുഖം തിരിച്ച് പിടിക്കാനുള്ള ശ്രമമാണെന്നും, അത് സാധ്യമാവില്ലെന്നും ബി.ജെ.പി വക്താവ് വിജയ് ബഹദൂര്‍ പതക് പറഞ്ഞു.

മുസഫര്‍നഗര്‍ കലാപത്തിന് ശേഷം അഖിലേഷ് യാദവ് ഗവണ്‍മെന്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ നിരന്തരമായ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയിരുന്നു.

Advertisement