എഡിറ്റര്‍
എഡിറ്റര്‍
വിദേശ നിക്ഷേപം; ചര്‍ച്ചയ്ക്ക് തയ്യാര്‍, വോട്ടെടുപ്പിനില്ലെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Monday 26th November 2012 3:45pm

ന്യൂദല്‍ഹി: ചില്ലറ മേഖലയിലെ വിദേശനിക്ഷേപത്തെ കുറിച്ച് സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക്  തയ്യാറല്ലെന്നും വോട്ടെടുപ്പില്ലാതെ ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യത്തില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും ഉറച്ച് നിന്നു. അതേസമയം, വോട്ടെടുപ്പില്ലാത്ത ചര്‍ച്ച മതിയെന്ന് ഡി.എം.കെ-ജെ.ഡി.യു-ജെ.ഡി.എസ് എന്നിവര്‍ വ്യക്തമാക്കി.

Ads By Google

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും മന്‍മോഹന്‍ സിങ്ങും ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ വോട്ട് നടത്തുകയാണെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് മുലായം സിങ് പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയതായാണ് അറിയുന്നത്.

വിഷയത്തില്‍ ഇരു സഭാധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രശ്‌നത്തില്‍ സമവായം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് യോഗത്തിന് ശേഷം പറഞ്ഞു.

യോഗത്തില്‍ സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രമന്ത്രി കനല്‍നാഥാണ് പ്രതിപക്ഷ കക്ഷികളെ അറിയിച്ചത്.

വോട്ടെടുപ്പോടെ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷവും ചര്‍ച്ചയാകാം വോട്ടെടുപ്പോടെ പറ്റില്ലെന്ന് നിലപാടില്‍ ഭരണപക്ഷവും ഉറച്ചുനില്‍ക്കുന്നതിനാല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവും ബഹളത്തില്‍ അവസാനിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
രണ്ട് മണിക്കൂറോളം നീണ്ട സര്‍വകക്ഷിയോഗം എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന്റെ ആദ്യ മൂന്നുദിവസം ഈ വിഷയത്തിന്മേലുള്ള ബഹളത്തില്‍ തടസ്സപ്പെട്ടിരുന്നു.

വോട്ടോ? ജനാധിപത്യത്തിലോ?

Advertisement