കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ പ്രസ്താവന നല്‍കി. പ്രശ്‌നത്തില്‍ അഡ്വക്കേറ്റ് ജനറല്‍ മുമ്പ് നല്‍കിയ വിവാദ സത്യവാങ്മൂലത്തിലെ നിലപാട് തിരുത്തിയാണ് പുതിയ പ്രസ്താവന സമര്‍പ്പിച്ചിരിക്കുന്നത്.

60 പേജുള്ള വളരെ വിശദമായ പ്രസ്താവനയാണ് സര്‍ക്കാര്‍ നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ 40 ലക്ഷം ജനങ്ങളെ ബാധിക്കുമെന്ന് പ്രസ്താവനയുടെ ആദ്യഭാഗത്ത് തന്നെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ നാലംഗ മന്ത്രിസഭാ ഉപസമിതിയാണ് പ്രസ്താവന തയ്യാറാക്കിയത്. ഡാം തകര്‍ന്നാലുണ്ടാവുന്ന ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോള്‍ പ്രവചിക്കാനാവില്ല. ഡാം ബ്രേക്കിംഗ് അനാലിസിസ് റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂ.

ഡാമിന്റെ ജലനിരപ്പും ഡാമിന്റെ സുരക്ഷയുമായി യാതൊരു ബന്ധവുമില്ലെന്ന എ.ജിയുടെ നിലപാട് പ്രസ്താവനയില്‍ തിരുത്തിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുന്നത് സുരക്ഷിതമല്ല. ഭൂകമ്പങ്ങള്‍ നേരിടുന്നതിന് പര്യാപ്തമായ സംവിധാനങ്ങള്‍ ഡാമിനില്ല. 116വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡാം നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള കഴിവ് ഡാമിനില്ല.

ഡാം തകര്‍ന്നാല്‍ ഇടുക്കി, ചെറുതോണി, കുളമാവ്, അണക്കെട്ടുകള്‍ക്ക് വെള്ളം താങ്ങാനാകുമെന്ന എജിയുടെ പ്രസ്താവനയിലെ വിവാദഭാഗവും തിരുത്തിയിട്ടുണ്ട്. ഇടുക്കി, ചെറുതോണി, ഡാമുകള്‍ക്ക് സ്പില്‍വേയില്ല. കുളമാവ് ഡാമിന് മാത്രമാണ് സ്പില്‍വേയുള്ളത്. അതിനാല്‍ ഈ അണക്കെട്ടുകള്‍ക്ക് മുല്ലപ്പെരിയാറിലെ വെള്ളം താങ്ങാനാവില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണത്തിനായി 18 നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Malayalam News

Kerala News in Kerala