കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സമീപപ്രദേശത്തെ 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍. പ്രദേശത്ത് കണ്‍ട്രോള്‍ റൂം തുറന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അടിയന്തരസാഹചര്യം നേരിടുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ച് രേഖാമൂലം അറിയിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലാ ഭരണകൂടവും പോലീസും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജരാണ്. അടിയന്തര സാഹചര്യം വന്നാല്‍ പോലീസുകാരെ കര്‍മനിരതരാക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാര്‍ മേഖലയില്‍ ഇന്ന് മോക്ഡ്രില്‍ നടത്തും. പ്രദേശത്ത് ഡിജിറ്റല്‍ ഭൂകമ്പമാപിനി സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഇന്‍ഫ്രാറെഡ് ക്യാമറകള്‍ അണക്കെട്ടിന്റെ വശങ്ങളിലും ഭൂകമ്പത്തിനു സാധ്യതയുള്ള മേഖലകളിലും സ്ഥാപിക്കും. അണക്കെട്ടിന്റെ ജലനിരപ്പ് സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം സാഹചര്യം പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Malayalam News
Kerala News in English