Categories

പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കും; സര്‍ക്കാര്‍ ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ ആറു ദിവസമായി നടത്തി വന്ന പണിമുടക്ക് പിന്‍വലിച്ചു. ഞായറാഴ്ച രാത്രി ധനമന്ത്രി കെ.എം മാണിയുമായും തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ സമരം പിന്‍വലിക്കുന്നതായി സമരസമിതി പ്രഖ്യാപിച്ചത്.

Ads By Google

ഞായറാഴ്ച രാത്രി സംയുക്ത സമരസമിതി സംഘടനാ പ്രതിനിധികള്‍ കെ.എം. മാണിയുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടിരിന്നു.

2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമനം കിട്ടുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം സംഘടനകള്‍ അംഗീകരിക്കുന്നതിന് സംഘടനാപ്രതിനിധികള്‍ക്ക് ബുദ്ധിമുട്ടില്ലെന്നും അവര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ താമസസ്ഥലത്തേക്ക് പോകുന്നതിന് മുമ്പായി മാധ്യമപ്രവര്‍ത്തകരോട് മാണി പറഞ്ഞു.

മാണിയുമായുള്ള ചര്‍ച്ചക്ക് ശേഷം  ക്ലിഫ് ഹൗസിലെത്തിയാണ് സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കരുതെന്നും അത്തരം നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെട്ടാണ് ഇടത് അനുകൂല സംഘടനകള്‍ സമരം തുടങ്ങിയത്.

എന്നാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്.

ചര്‍ച്ചയെ തുടര്‍ന്ന് ഒരുകാര്യത്തിലും രേഖാമൂലമുള്ള ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിട്ടില്ല. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതില്‍ കാതലായ ഒരു മാറ്റവും ഉണ്ടാക്കാന്‍ സമരംകൊണ്ടു കഴിഞ്ഞിട്ടില്ല.

ചര്‍ച്ചയില്‍ 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമനം കിട്ടുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം സംഘടനകള്‍ അംഗീകരിച്ചു. പദ്ധതി നടപ്പാകുമ്പോഴുണ്ടാകുന്ന അപാകതകള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കാനും ചര്‍ച്ചയില്‍ ധാരണയായി.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ കുറഞ്ഞ പെന്‍ഷന്‍ ഇ.പി.എഫ്. പെന്‍ഷന്‍നിലുള്ളതിനേക്കാള്‍ കുറവായിരിക്കരുതെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശയില്‍ പറയുന്നു.

പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കാന്‍ സംസ്ഥാന ട്രഷറിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രൊവിഡന്റ് ഫണ്ട് റഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റിയ്ക്ക് എഴുതുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

2013 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ തുടരുമെന്ന് പുതിയ ഉത്തരവില്‍ വീണ്ടും വ്യക്തമാക്കുമെന്നും സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

തങ്ങളുടെ ആവശ്യങ്ങളില്‍ പലകാര്യങ്ങളിലും സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തതില്‍ ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

ചര്‍ച്ചയില്‍ ജീവനക്കാരുടെ പ്രതിനിധികളായി എ. ശ്രീകുമാര്‍, സി.ആര്‍. ജോസ്പ്രകാശ്, എ. ഷാജഹാന്‍, പി.എച്ച്.എം.ഇസ്മായില്‍, കെ.ശിവകുമാര്‍, വിജയകുമാരന്‍ നായര്‍, എ.നിസാറുദീന്‍ എന്നിവരും ധനവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി വി.പി. ജോയിയും പങ്കെടുത്തു.