എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍: വകുപ്പുകളുടെ പണം ട്രഷറിയില്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദ്ദേശം
എഡിറ്റര്‍
Monday 31st March 2014 6:40am

kerala-govt

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി വിവിധ വകുപ്പുകളുടെ പക്കലുള്ള പണവും വാണിജ്യ ബാങ്കുകളിലെ നിക്ഷേപവും അടിയന്തിരമായി ട്രഷറിയിലേക്ക് തിരിച്ചടയ്ക്കാന്‍ ധനവകുപ്പിന്റെ നിര്‍ദ്ദേശം.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സാമ്പത്തിക വര്‍ഷാന്ത്യത്തിലെ ചിലവുകള്‍ക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് ആയിരം കോടിയോളം രൂപയും ശമ്പളവും പെന്‍ഷനും മറ്റും നല്‍കാന്‍ 3000 കോടിയും കണ്ടെത്തണം. എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 800 കോടിയോളം രൂപയുടെ നീക്കിയിരിപ്പ് മാത്രമാണ് ട്രഷറിയിലുള്ളത്.

ഈ പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലുള്ള പണവും വാണിജ്യ ബാങ്കുകളിലെ നിക്ഷേപവും ട്രഷറിയിലേക്ക് തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ധനവകുപ്പ് ഉത്തരവിറക്കിയത്. നികുതി പിരിവ് ഊര്‍ജിതമാക്കാനും നിര്‍ദേശമുണ്ട്.

എന്നാല്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപം ട്രഷറിയിലേക്ക് മാറ്റണമെന്ന നിര്‍ദേശത്തിനെതിരേ പ്രതിഷേധം വ്യാപകമാകുകയാണ്. ഇത് നിയമവിരുദ്ധമാണെന്നും പണം നല്‍കില്ലെന്നും സിപിഐഎം നേതാക്കള്‍ വ്യക്തമാക്കി.

സഹകരണ ബാങ്കുകളില്‍ നിന്നു ലഭിക്കുന്ന പണം ഉപയോഗിച്ച് ശമ്പളവും പെന്‍ഷനും നല്‍കാമെന്ന കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍. ഇതിലൂടെ കുറഞ്ഞത് 1000 കോടി രൂപയെങ്കിലും സമാഹരിക്കാനായിരുന്നു ശ്രമം. ഇതിനായി അവധി ദിവസമായ ഞായറാഴ്ച സഹകരണ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും സഹകരണ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ഭൂരിഭാഗം ബാങ്കുകളും ഈ നിര്‍ദേശം തള്ളുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തുകയും ചെയ്തു.

അതേസമയം ട്രഷറിയില്‍ ഇന്നലെ ആകെ ലഭിച്ചത് 325 കോടി രൂപ മാത്രമാണ്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കുമെന്ന നിലയിലായിരിക്കുകയാണ്.

Advertisement