തിരുവന്തപുരം: ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നീട്ടിവച്ചു. സര്‍ക്കാറിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഐ.എച്ച്.ആര്‍.ഡിയില്‍ ധനകാര്യവകുപ്പിന്റെ പരിശോധനാവിഭാഗം നടത്തിയ തെളിവെടുപ്പില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായ സുബ്രമണ്യത്തെയും അസിസ്റ്റന്റ് ഡയറക്ടറായ വി.എ അരുണ്‍കുമാറിനെയും സസ്പന്‍ഡ് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ ഏ.ജിയും ധനവകുപ്പും വിദ്യാഭ്യാസവകുപ്പിന് ശിപാര്‍ശ ചെയ്തിരുന്നു. ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ അരുണ്‍കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വി.എ അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ അരുണ്‍ കുമാറിനെതിരായ ആരോപണങ്ങളെപ്പറ്റി നിയമസഭാ സമിതിയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകായിരുന്നു.

നിയമസഭാ സമിതി അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ ഇതിന്റെ റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് സസ്‌പെന്‍ഡ് ചെയ്യുന്നത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇടയായേക്കുമെന്ന നിയമോപദേശത്തെതുടര്‍ന്നാണ് സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ നടപടിയില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങിയത്. നിയമസഭാ സമിതിയുടെ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാകും. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം സസ്‌പെന്‍ഷന്‍ നടപ്പിലാക്കാമെന്നാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ തീരുമാനം.