തിരുവനന്തപുരം: വനം വകുപ്പ് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ടി.ആര്‍. രവി രാജിവെച്ചു. നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റ് വിവാദത്തെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് അഡ്വക്കേറ്റ് ജനറലിന് കൈമാറി.

സര്‍ക്കാര്‍ ഏറ്റെടുത്ത നെല്ലിയാമ്പതി വനമേഖലയില്‍ ഉള്‍പ്പെടുന്ന 280 ഏക്കറോളം വരുന്ന ചെറുനെല്ലി എസ്‌റ്റേറ്റ് കൈവശക്കാര്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഏറ്റെടുക്കല്‍ ഉത്തരവ് കാണിച്ചുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് ഏറ്റെടുത്തതെന്ന് കാണിച്ച്  കൈവശക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെ എസ്‌റ്റേറ്റ് ഏറ്റെടുത്തത് ശരിയായില്ലെന്നും ഉടന്‍ തിരികെ നല്‍കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

Subscribe Us:

കോടതി ഉത്തരവ് ഔദ്യോഗികമായി ലഭിക്കുന്നതിന് മുമ്പ് തന്നെ നെന്‍മാറ ഡി.എഫ്.ഒ.സി.ടി ജോജു എസ്‌റ്റേറ്റ് ഉടമകള്‍ക്ക് തിരികെ നല്‍കി. എസ്‌റ്റേറ്റ് തിടക്കത്തില്‍ വിട്ടുകൊടുത്തതില്‍ വന്‍ അഴിമതിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനംമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ കോഴിക്കോട് മേഖല ഫോറസ്റ്റ് ഓഫീസറോട് നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഗവ.പ്ലീഡര്‍ക്കും നെന്മാറ ഡി.എഫ്.ഒയ്ക്കുമെതിരെ വ്യക്തമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്ലീഡര്‍ രാജിവച്ചത്. ഡി.എഫ്.ഒയ്‌ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണം ഏകപക്ഷീയമാണെന്നും ടി.ആര്‍.രവി പറഞ്ഞു. എങ്കിലും സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്താണ് രാജിയെന്നും ടി.ആര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു.