തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനോട് സര്‍ക്കാരിന് ഒരു വിരോധവുമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വി.എസിനും കുടുംബത്തിനുമെതിരേ സന്തോഷ് മാധവന്‍ ഉള്‍പ്പെടെ കള്ളക്കേസുകള്‍ കൊണ്ടുവരുന്നതായി കാണിച്ച് എ.കെ. ബാലന്‍ ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ആരെങ്കിലും അയച്ച ഊമക്കത്തിന്റെ പേരില്‍ കള്ളക്കേസുകള്‍ എടുക്കുകയെന്നത് സര്‍ക്കാരിന്റെ നയമല്ല. വി.എസിനോട് സര്‍ക്കാരിന് യാതൊരു വിരോധവുമില്ലെന്ന് പറഞ്ഞ മന്ത്രി അദ്ദേഹത്തോട് നിങ്ങള്‍ക്ക് വിരോധം തോന്നാതിരുന്നാല്‍ മതിയെന്ന് പ്രതിപക്ഷത്തോട് പറയാനും മറന്നില്ല.

Subscribe Us:

വി.എസിനോട് വ്യക്തിപരമായി സര്‍ക്കാരിനോ എനിയ്‌ക്കോ വിരോധമില്ല. അദ്ദേഹത്തിനെതിരെ എന്തെങ്കിലും പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കില്‍ അത് തികച്ചും രാഷ്ട്രീയപരമാണ്. ഒരു വ്യക്തിയോടും വ്യക്തിപരമായ വിദ്വേഷമോ വിരോധമോ സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നില്ലെന്നും രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചാണ് പ്രസ്താവനകള്‍ ഇറക്കുന്നതെന്നം തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.