Categories

ട്രെയിന്‍ യാത്രാ നിരക്കില്‍ 20 ശതമാനം വര്‍ധനവ്

ന്യൂദല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്രാ നിരക്കില്‍ 20 ശതമാനം വര്‍ധനവ്. റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലാണ് ഇക്കാര്യം അറിയിച്ചത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ട്രെയിന്‍ യാത്രാനിരക്കില്‍ വര്‍ധനവുണ്ടാകുന്നത്. 12,000 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് വര്‍ധവിലൂടെ റെയില്‍വേ പ്രതീക്ഷിക്കുന്നതെന്ന് പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു.

ജനുവരി 21 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇനിവരാനിരിക്കുന്ന റെയില്‍വേ ബഡ്ജറ്റില്‍ വീണ്ടും വില വര്‍ധിപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. 2010-2011 കാലയളവില്‍ ഏകദേശം 20,000 കോടിയുടെ നഷ്ടമാണ് റെയില്‍വേക്ക് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇത് 25,000 കോടിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

പുതുക്കിയ യാത്രാ നിരക്കുകള്‍ ഇങ്ങനെയാണ്,

എ.സി ഫസ്റ്റ് ക്ലാസിന് കി.മിന് 10 വര്‍ധിപ്പിച്ചു. എ.സി 2 ടയര്‍ കി.മിന് 6 പൈസ, എ.സി ഫസ്റ്റ് ക്ലാസ് ക.മിന് 3 പൈസ, എ.സി ചെയര്‍ കാര്‍ കി.മിന് 10 പൈസ.
സബര്‍ബന്‍ സെക്കന്റ് ക്ലാസ് ഓര്‍ഡിനറിയ്ക്ക് കിലോമീറ്ററിന് രണ്ട് പൈസ വര്‍ധിക്കും.നോണ്‍ സബര്‍ബന്‍ സെക്കന്റ് ക്ലാസ് ഓര്‍ഡിനറിയ്ക്ക് കിലോമീറ്ററിന് മൂന്ന് പൈസയും മെയില്‍ എക്‌സപ്രസില്‍ കിലോമീറ്ററിന് നാല് പൈസയും നിരക്ക് വര്‍ദ്ധിക്കും.

റെയില്‍വേ നഷ്ടത്തിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും നിരക്ക് വര്‍ധന അത്യാവശ്യമാണെന്നും നേരത്തേ റെയില്‍വേ വകുപ്പ് വ്യക്തമാക്കിയിരുന്നു. റെയില്‍വേ വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാമ്പത്തിക നടപടികള്‍ അനിവാര്യമാണെന്നും റെയില്‍വേ സഹമന്ത്രി സൂര്യപ്രകാശ് റെഡ്ഡിയും അറിയിച്ചു.

കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നെങ്കിലും റെയില്‍വേ മന്ത്രാലയത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിരക്ക് ഭാഗികമായി പിന്‍വലിച്ചിരുന്നു. റെയില്‍വേ  നിരക്ക് വര്‍ധിപ്പിച്ച തൃണമൂല്‍ മന്ത്രി ദിനേഷ് ത്രിവേദിയേയും മമത ഇതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.

തുടര്‍ന്ന് റെയില്‍വേ മന്ത്രിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് കുറഞ്ഞ ക്ലാസുകളിലെ യാത്രാനിരക്ക് വര്‍ധനവ് പിന്‍വലിക്കുകയും ഉയര്‍ന്ന ക്ലാസിലെ കൂട്ടിയ യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു.