ന്യൂദല്‍ഹി: സ്വന്തമായി വീടില്ലാത്ത കേരളത്തിലെ രണ്ടരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടുവെക്കാനുള്ള ഭൂമി മൂന്നുവര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. ഇത് സംബന്ധിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.

Ads By Google

പദ്ധതി നടത്തിപ്പിനായി റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പങ്കെടുക്കുന്ന പ്രത്യേകയോഗങ്ങള്‍ എല്ലാജില്ലയിലും വിളിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള ആദ്യയോഗം ഇന്ന് തൃശ്ശൂര്‍ ജില്ലയില്‍ നടക്കും.

ഒരു കുടുംബത്തിന് മൂന്നുസെന്റ് ഭൂമിയാണ് സംസ്ഥാനസര്‍ക്കാര്‍ അനുവദിക്കുക. വീടില്ലാത്തവര്‍ക്ക് വീടുവെക്കാന്‍ ഭൂമി നല്‍കുന്ന പദ്ധതിയുടെ പുരോഗതി മന്ത്രി അടൂര്‍ പ്രകാശ് കേന്ദ്രസര്‍ക്കാറിനെ ധരിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷ് കഴിഞ്ഞ ദിവസം വിളിച്ച സംസ്ഥാന റവന്യൂമന്ത്രിമാരുടെ യോഗത്തിലാണ് അടൂര്‍ പ്രകാശ് ഇക്കാര്യം വിശദീകരിച്ചത്. സംസ്ഥാനത്ത് 2,33,232 കുടുംബങ്ങള്‍ക്ക് വീടില്ലെന്ന് മന്ത്രി അറിയിച്ചു. പദ്ധതി നടത്തിപ്പിന് കേന്ദ്രസഹായധനവും ആവശ്യപ്പെട്ടു.

പദ്ധതി നടപ്പാക്കാന്‍ 8,000 ഏക്കര്‍ ഭൂമി ആവശ്യമായി വരുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍കൂടി വിലയിരുത്തിയാവും വിതരണംചെയ്യാനുള്ള ഭൂമി കണ്ടെത്തുക. പദ്ധതിക്കുള്ള സമയപരിധി 2015 വരെയാണെങ്കിലും അതിനുമുമ്പേ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

വീടില്ലാത്തവര്‍ക്ക് ഭൂമി നല്‍കാന്‍ ഇന്ദിരാ ആവാസ് യോജനയുടെ കീഴില്‍ കൂടുതല്‍ തുക വകയിരുത്താമെന്ന് മന്ത്രി ജയറാം രമേഷ് അറിയിച്ചു.

രാജ്യത്തെ ഭൂമിപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ റവന്യൂമന്ത്രിമാരുടെ യോഗം വിളിച്ചത്. വീടില്ലാത്തവര്‍ക്ക് ഭൂമിനല്‍കാനുള്ള പാര്‍പ്പിടാവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി. ഇതിനിടെ, കേരളത്തില്‍ മൂന്നുസെന്റ് ഭൂമി വിതരണം ചെയ്യാന്‍ തീരുമാനിച്ച കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.