എഡിറ്റര്‍
എഡിറ്റര്‍
മുന്നോക്ക സമുദായ കമ്മീഷന് സര്‍ക്കാര്‍ രൂപം നല്‍കുന്നു
എഡിറ്റര്‍
Wednesday 27th November 2013 6:21am

SECRE

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍.എസ്.എസ് അടക്കമുള്ള മുന്നോക്ക ജനവിഭാഗങ്ങളുടെ ആവശ്യം മാനിച്ച് മുന്നോക്ക സമുദായ ക്ഷേമത്തിനായുള്ള കമ്മീഷന് സര്‍ക്കാര്‍ രൂപം നല്‍കുന്നു.

സംസ്ഥാനത്തെ മുന്നോക്ക വിഭാഗത്തില്‍ പെടുന്നവരില്‍ ഏറിയ പങ്കും സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലാണ് എന്ന വിലയിരുത്തലിന്‍ മേലാണ് കമ്മീഷന് രൂപം നല്‍കാന്‍ തീരുമാനമായത്.

ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ രൂപം നല്‍കി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പ്രസ്തുത ഓര്‍ഡിനന്‍സ് പരിഗണിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംവരണത്തിലോ സംവരണപ്രകാരമുള്ള പദ്ധതികളിലോ ഉള്‍പ്പെടാത്തവരാണ് മുന്നോക്ക വിഭാഗക്കാര്‍. സംവരണമില്ലാത്തത് ഈ വിഭാഗക്കാരുടെ തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ സാധ്യതകളെ പരിമിതപ്പെടത്തുന്നുണ്ട്.

മുന്നോക്ക വിഭാഗത്തിലെ ഏറിയ പങ്കും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കമ്മീഷന് രൂപം നല്‍കുന്നത്.

മുന്നോക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി മുന്നോക്ക കോര്‍പ്പറേഷനും ന്യൂനപക്ഷങ്ങളുടെ ആവശ്യം പരിഗണിച്ച് ന്യൂനപക്ഷ കമ്മീഷനും സര്‍ക്കാര്‍ നേരത്തെ രൂപം നല്‍കിയിരുന്നു.

സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ ചെയര്‍മാനാകുന്ന കമ്മീഷനില്‍ മുന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്ന മുന്നോക്ക ക്ഷേമപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ള രണ്ട് പേരും അംഗങ്ങളായിരിക്കും.

ലിസ്റ്റ് തയ്യാറാക്കലാണ് കമ്മീഷന്റെ ആദ്യ കര്‍ത്തവ്യം. നിലവില്‍ പിന്നോക്ക വിഭാഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെയെല്ലാം മുന്നോക്ക വിഭാഗമായാണ് കണക്കാക്കുക.

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തിക പരാധീനതയനുഭവിക്കുന്നവരുടെ പ്രശ്‌നം പഠിച്ച് പരിഹാരമായി ക്ഷേമകാര്യങ്ങള്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുക, അവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുക, വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് തടസമായ പ്രശ്‌നങ്ങള്‍ കണ്ടെത്തി പഠിക്കുക തുടങ്ങിയവ കമ്മീഷന്റെ ഉത്തരവാദിത്വങ്ങളാണ്.

Advertisement